HONESTY NEWS ADS

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.


അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സർക്കാർ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പ്രതികരിച്ചു. യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും ജോൺ വി സാമുവൽ പറഞ്ഞു.


കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും. എല്ലാ പരാതികളും അന്വേഷിച്ചാകും റിപ്പോർട്ട് നൽകുക. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണ്. എച്ച്ഡിഎസ് അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കുന്നതിലെ കാലതാമസമാണ് പ്രശ്നം. ഉടൻ പുതിയ എച്ച്ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കും.


ഹോസ്റ്റൽ അപാകതകളിലും ഇടപെടും. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അപാകതകളും അന്വേഷിക്കും. വിദ്യാർത്ഥികൾ ഉയർത്തിയ പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കും. പ്രിൻസിപ്പാളിനോട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS