
കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായ യൂട്യൂബര്‍ റിന്‍സി മുംതാസ് സിനിമ പ്രൊമോഷന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തി. ലഹരിയിടപാടുകള്‍ക്ക് സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. റിന്‍സിയെയും ആണ്‍സുഹൃത്ത് യാസറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ലഹരി കച്ചവടത്തിനായി പ്രതികള്‍ കൈകാര്യം ചെയ്തിരുന്നത് 75ലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ്. ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തതിന്റെ തെളിവുകളും ലഭിച്ചു. പാലച്ചുവടിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പത്ത് മാസമായി പ്രതികള്‍ ലഹരിയിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സിനിമാ മേഖലയിലുള്ളവര്‍ നിരന്തരം ഈ ഫ്‌ലാറ്റില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
ബംഗ്ലൂരില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്‌ലാറ്റില്‍ വെച്ചാണെന്നും ആവശ്യക്കാര്‍ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം റിന്‍സി സ്ഥിരം ജീവനക്കാരിയല്ല എന്നും താമസസ്ഥലം കമ്പനി നല്‍കിയതല്ലെന്നും ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ് അറിയിച്ചു.
ലഹരി വാങ്ങാന്‍ യാസറിന് പണം നല്‍കിയിരുന്നത് റിന്‍സിയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വയനാട്ടില്‍ നിന്ന് ലഹരിയുമായി പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.