HONESTY NEWS ADS

വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ചു; കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊല്ലി എല്‍ഡിഎഫില്‍ പോര്

കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊല്ലി എല്‍ഡിഎഫില്‍ പോര്

വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ എല്‍ ഡി എഫില്‍ തര്‍ക്കം. വനം വകുപ്പിന്റെ പ്രവര്‍ത്തനം അത്രപോരെന്നുള്ള കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തലിനെതിരെ ശക്തമായ പ്രതിഷേധവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് മുന്നണി മദ്യാദകള്‍ പാലിച്ചില്ലെന്നാണ് മന്ത്രിയുടെ ആരോപണം.


കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ, മുന്നണിയില്‍ ഉയരുന്ന തര്‍ക്കത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേരളാ കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നീ പാര്‍ട്ടികളെ യുഡിഎഫില്‍ എത്തിക്കുന്നതിനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. യുഡിഎഫ് മുന്നണി കണ്‍വീനറായി ചുമതലയേറ്റ ആദ്യ ദിനത്തില്‍ തന്നെ മുന്നണി വികസിപ്പിക്കുമെന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചിരുന്നു.


നേരത്തെ മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടികളെ തിരികെ യുഡിഎഫില്‍ എത്തിക്കുമെന്നായിരുന്നു കണ്‍വീനറുടെ പ്രഖ്യാപനം. പുതിയ കെപിസിസി അധ്യക്ഷനും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍ സംതൃപ്തരാണെന്നും, ഇപ്പോള്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കേരളാ കോണ്‍ഗ്രസ് എം കാണുന്നത്. വനംവകുപ്പിന്റെ പിടിപ്പുകേടാണ് വന്യജീവി, ആക്രമണങ്ങള്‍ക്ക് കാരണമെന്നും ഇതിനാലാണ് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നുമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. വനംമന്ത്രി കേരളാ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നില്‍ സി പി എമ്മിന്റെ മൗനാനുവാദവും ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്.


കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്നത്. ഇടുക്കിയിലും വയനാട്ടിലും നിരവധിപേരാണ് വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് കേരളാ കോണ്‍ഗ്രസ് എം വനംവകുപ്പിനെതിരെ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് കേരളാ കോണ്‍ഗ്രസ് എം യു ഡി എഫ് നേതൃത്വവുമായി പിണങ്ങി മുന്നണി വിട്ടതും, പിന്നീട് എല്‍ ഡി എഫിന്റെ ഭാഗമായതും. എല്‍ ഡി എഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് റോഷി അഗസ്റ്റിന്‍ അംഗമാണ്. ചീഫ് വിപ്പായി പ്രൊഫ. എം ജയരാജും ഉണ്ടെങ്കിലും കേരളാ കോണ്‍ഗ്രസ് എം മുന്നണിയില്‍ അത്ര കംഫര്‍ട്ടല്ലെന്നാണ് അണിയറ സംസാരം.


ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ സിറ്റിംഗ് എംപിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായിരുന്ന തോമസ് ചാഴിക്കാടന്റെ തോല്‍വി വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പാലായിലെ തോല്‍വിയും അതിനുശേഷം കോട്ടയത്തെ തോല്‍വിയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അണികളില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കിയതായാണ് വിവരം. എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുന്നണി വിട്ട മാണിഗ്രൂപ്പിനെ തിരികെ എടുക്കുന്നതില്‍ ഭിന്നാഭിപ്രായമാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. പാലാസീറ്റില്‍ സിറ്റിംഗ് എം എല്‍ എ മാണി സി കാപ്പന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മുന്നണിമാറ്റമെന്നത് കേരളാ കോണ്‍ഗ്രസ് എമ്മിന് അത്ര എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനമല്ല എന്ന് വ്യക്തം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS