
ഇടുക്കി തൊടുപുഴയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യുവിന്റെ ഭാര്യ ജോര്‍ലി (34) ആണ് മരിച്ചത്. സംഭവത്തില്‍ ടോണി മാത്യു (42) വിനെ കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്നുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപിച്ച് ജോര്‍ലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടില്‍ ജോര്‍ലി കടുത്ത പീഡനമേറ്റിരുന്നെന്ന് വ്യക്തമായി. ഇതോടെയാണ് ടോണി മാത്യുവിനെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. ജോര്‍ലിയുടെ ഏക മകള്‍ അലീന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇരുപതു പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും വാങ്ങിയാണ് ടോണി ജോര്‍ലിയെ വിവാഹം കഴിച്ചത്. പിന്നീട് ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നാലു ലക്ഷം രൂപയും ജോര്‍ലി പിതാവില്‍ നിന്നും വാങ്ങി നല്‍കി. നല്‍കിയ പണവും സ്വര്‍ണവും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ടോണി ഭാര്യയും മകളുമായി വാടക വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ഇവിടെ വച്ചും ഭാര്യയെയും മകളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പിതാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.