ധർമസ്ഥലയിൽ സുവർണ്ണ ന്യൂസ് സംഘമുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു. പരിക്കേറ്റ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താചിത്രീകരണത്തിന് ഇടയിലായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റം. പരിക്കേറ്റ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ വച്ചാണ് സുവർണ്ണ ന്യൂസിൻ്റെ റിപ്പോർട്ടർ ഹരീഷിനും ക്യാമറമാൻ നവീനും മർദ്ദനമേറ്റത്. പിന്നീട് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകരാണ് ആക്രമിക്കപ്പെട്ട മറ്റുള്ളവർ. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമസ്ഥല ട്രസ്റ്റിനെതിരെ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബറ്റാലിയൻ പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
ധർമ്മസ്ഥല പൊലീസ് സ്റ്റേഷനു മുന്നിൽ വൻ ആൾക്കൂട്ടമാണ് നിലവിലുള്ളത്. രജത് കിഷൻ എന്ന ബിഗ് ബോസ് കന്നടയിലെ മത്സരാർത്ഥി സൗജന്യയുടെ കുടുംബത്തെ കാണാൻ എത്തിയിരുന്നു. രജത് കിഷന്റെ ഇൻറർവ്യൂവിനായി എത്തിയ തങ്ങളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകർ പറയുന്നത്. അതേസമയം, മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടത് രണ്ട് വിഭാഗങ്ങളാണെന്ന് പൊലീസ് പറയുന്നു. ധർമസ്ഥലയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉന്നമിട്ടത് മാധ്യമപ്രവർത്തകരെയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.