
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പിതാവും രണ്ടാനമ്മയുമാണ് പിടിലായത്. രണ്ടാനമ്മ ഷെബീനയെ കൊല്ലക്ക് നിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നാലാം ക്ലാസുകാരി നേരിട്ട ക്രൂരത മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. നേരത്തെ സിഡബ്ല്യുസിയും കേസില്‍ ഇടപെട്ടിരുന്നു. കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പൊലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് നിലവില്‍ മുത്തശിയുടെ സംരക്ഷണയിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.