കന്നുകാലി വ്യവസായത്തിലും ആരോഗ്യമേഖലയിലും കനത്ത ആശങ്കയ്ക്ക് വഴി വച്ച് അമേരിക്കയിൽ 50 വർഷത്തിനിടെ ആദ്യമായി മാസം ഭക്ഷിക്കുന്ന സ്ക്രൂവേം പരാദ ബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു. മേരിലാൻഡിലാണ് ഗുരുതര പരാദ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എൽ സാൽവദോറിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ വ്യക്തിയിലാണ് മാംസം ഭക്ഷിക്കുന്ന പരാദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് പരാദ ബാധ സ്ഥിരീകരിച്ചത്. പരാദബാധ ബാധിതനായ യുവാവിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് കൂടുതൽ വിവരം സിഡിസി പുറത്ത് വിട്ടിട്ടില്ല.
പൊതുജനാരോഗ്യത്തിന് ഏറെ ആശങ്കയില്ലെന്ന് സിഡിസി അവകാശപ്പെടുമ്പോഴും മൃഗങ്ങളിൽ പരാദ ബാധയുണ്ടാവുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സിഡിസി വിശദമാക്കുന്നത്. കന്നുകാലി വളർത്തലിന് പരാദ ബാധ ഗുരുതര വെല്ലുവിളികളാണ് ഉയർത്തുന്നത്. ഇറച്ചി വിൽപ്പനക്കാർക്കും കന്നുകാലി വളർത്തുന്നവർക്കും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ കന്നുകാലി വളർത്തലിന്റെ കേന്ദ്രമായ ടെക്സാസിൽ 1.8 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് നിലവിലുള്ളത്. സ്ക്രൂവോം യഥാർത്ഥത്തിൽ ഒരു പുഴുവല്ല, മറിച്ച് ന്യൂ വേൾഡ് സ്ക്രൂവോം എന്ന ഒരു ഈച്ചയാണ്. ഇതിന്റെ ലാർവകൾ ജീവജാലങ്ങളുടെയും, അപൂർവ സന്ദർഭങ്ങളിൽ, മനുഷ്യരുടെയും മാംസം ഭക്ഷിക്കുന്നു. തുറന്ന മുറിവുകളിലൂടെ ശരീരത്തിന് ഉള്ളിലെത്തുന്ന ഇവ ശരീര കലകളെയാണ് ഭക്ഷണമാക്കുന്നത്.
തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ പരാദബാധ മാരകമായേക്കാം. ന്യൂ വേൾഡ് സ്ക്രൂവോമിന്റെ പെൺ ഈച്ചകൾ മുറിവുകളിൽ നൂറ് കണക്കിന് മുട്ടകളാണ് ഇടുന്നത്. മുട്ടകൾ വിരിയുന്നതോടെ ഈ ലാർവ്വകൾ മാംസം തുരന്ന് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. തുളച്ച് കയറാൻ സാധിക്കുന്ന രീതിയിലുള്ള വായുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് നൽകിയിട്ടുള്ളത്. ഒരു പെണ്ണീച്ച അതിന്റെ ജീവിത കാലത്ത് മൂവായിരം മുട്ടകളോളമാണ് ഇടുന്നത്. മുറിവുകൾ ഏറെ കാലം ഉണങ്ങാതെ ഇരിക്കുക, മുറിവിനുള്ളിൽ, കണ്ണിൽ, വായിൽ, മൂക്കിൽ എന്നിവയിൽ എന്തോ ഉള്ളത് പോലെ അനുഭവപ്പെടുക, അണുബാധിച്ച ഭാഗത്ത് നിന്ന് ദുർഗന്ധമുണ്ടാവുക, മുറിവിൽ പുഴുക്കളുണ്ടാവുക തുടങ്ങിയവയാണ് പരാദബാധയുടെ ലക്ഷണം.