HONESTY NEWS ADS

വാട്സ്ആപ്പ് ഇല്ലാത്തവര്‍ക്കും വാട്‌സ്ആപ്പ് വഴി മെസേജ് അയക്കാം; പുതിയ ഫീച്ചര്‍ ഒരുക്കാന്‍ മെറ്റ

അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്

അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്. വാട്സ്ആപ്പില്‍ വരാനിരിക്കുന്ന ഫീച്ചറുകള്‍ ട്രാക്ക് ചെയ്യുന്ന ഓൺലൈൻ വെബ്‌സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പങ്കുവച്ചത്. ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റയിൽ 'ഗസ്റ്റ് ചാറ്റുകൾ' എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ ഫീച്ചറിനെ കുറിച്ച് പരാമർശിക്കുന്നു. ഇത് വാട്സ്ആപ്പ് അക്കൗണ്ടില്ലാത്ത ആളുകളുമായി പ്ലാറ്റ്‌ഫോം വഴി ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആൻഡ്രോയ്‌ഡ് 2.25.22.13 പതിപ്പിനായുള്ള വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ റിലീസ് കുറിപ്പുകൾ പ്രകാരം, ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


ഇതുവരെ വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായി കണക്റ്റ് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു ലളിതമായ മാർഗം വാഗ്‌ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന്‍റെ ഉദ്ദേശ്യം എന്ന് വരാനിരിക്കുന്ന സവിശേഷതയുടെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്‌സ്ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' ഫീച്ചര്‍ എന്നത് താൽക്കാലിക അതിഥികളുമായുള്ള സംഭാഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലെ ഒരു വാട്സ്ആപ്പ് അപ്‌ഡേറ്റിനൊപ്പം ഈ സവിശേഷത പുറത്തിറങ്ങും. ഇത് തേർഡ് പാർട്ടി ചാറ്റുകൾക്ക് സമാനമാകുമെന്നും സാധാരണ വാട്‌സ്ആപ്പ് നെറ്റ്‌വർക്കിനപ്പുറം ആളുകൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോക്താക്കളെ പുത്തന്‍ ഫീച്ചര്‍ സഹായിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഗസ്റ്റ് ചാറ്റുകൾ പൂർണ്ണമായും വാട്ട്‌സ്ആപ്പിന്റെ സ്വന്തം ഇക്കോസിസ്റ്റത്തിനുള്ളിലാവും പ്രവർത്തിക്കുക എന്നതാണ് പ്രധാന സവിശേഷത.


വാട്‌സ്ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ കോൺടാക്റ്റുകളിൽ നിന്നുള്ള ഒരാൾക്ക് ഒരു ഇൻവൈറ്റ് ലിങ്ക് അയയ്ക്കേണ്ടതുണ്ട്. ലിങ്ക് ലഭിക്കുന്ന വ്യക്തിക്ക് വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയോ അക്കൗണ്ട് സൃഷ്ടിക്കാതെയോ ചാറ്റിംഗ് ആരംഭിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ, ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാം. എങ്കിലും വാട്‌സ്ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' സവിശേഷതയ്ക്ക് ചില പരിമിതികൾ ഉണ്ടാകും. അതായത് ഉപയോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ ഫയലുകൾ പങ്കിടാൻ കഴിയില്ല. ഗസ്റ്റ് ചാറ്റുകൾ വോയ്‌സ് അല്ലെങ്കിൽ വീഡിയോ സന്ദേശങ്ങളെയും ഈ ഫീച്ചർ പിന്തുണയ്ക്കില്ല. ഈ സംഭാഷണങ്ങൾക്കുള്ളിൽ ഉപയോക്താക്കൾക്ക് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ആരംഭിക്കാൻ കഴിയില്ല.


ഗസ്റ്റ് ചാറ്റുകൾ വഴി അയയ്ക്കുന്ന എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതായത്, ഒരു സംഭാഷണത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ അവരുടെ ചാറ്റിന്‍റെ ഉള്ളടക്കത്തിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുകയുള്ളൂ. ഇത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ പോലും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു. അതേസമയം, ഈ ഫീച്ചറിനെ കുറിച്ചും അതിന്‍റെ എൻക്രിപ്ഷൻ പ്രക്രിയയെക്കുറിച്ചുമുള്ള സാങ്കേതിക വിശദാംശങ്ങൾ വാട്‌സ്ആപ്പ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ഫീച്ചർ എപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS