
വ്യാജ പീഡന പരാതിയെ തുടർന്ന് കോടതി വെറുതെ വിട്ട മൂന്നാറിലെ കോളേജ് അധ്യാപകൻ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം നേതാവ് എസ് രാജേന്ദ്രൻ. പരാതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയ ശേഷം തന്നെ സമീപിച്ചിരുന്നു. പരാതി നൽകിയതോടെ അധ്യാപകൻ ക്രൂരമായി പെരുമാറുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. അത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് അന്നത്തെ കോളേജ് പ്രിൻസിപ്പാളുമായി സംസാരിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
മൂന്നാർ ഗവൺമെൻ്റ് കോളേജിലെ വ്യാജപീഡന പരാതി തയാറാക്കിയത് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ ആണന്ന് ആനന്ദ് വിശ്വനാഥൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സിപിഎം നേതാവ് രംഗത്തുവന്നിരിക്കുന്നത്. അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് ആനന്ദ് വിശ്വനാഥനെ 11 വർഷങ്ങൾക്ക് ശേഷം വെറുതെ വിട്ടത്. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്.
അഞ്ച് വിദ്യാർത്ഥികൾ ആണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിൽ നാലു പേരുടെ മൊഴി പ്രകാരം നാല് കേസുകൾ എടുത്തു. രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തെ കുറ്റവിമുക്തമാക്കിയിരുന്നു. ശേഷിക്കുന്നവയിൽ മൂന്നു വർഷം തടവിന് വിധിച്ചില്ലെങ്കിലും, മേൽകോടതിയിൽ അപ്പീൽ നൽകി. ഇതിലാണ് ഇപ്പോൾ അനുകൂല വിധി വന്നത്. പീഡന കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികൾ നടത്തിയതെന്ന് കോടതി വിമർശിച്ചു. ഇതിന് കോളജ് പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു. കോപ്പിയടിക്ക് പിടിച്ചത് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികളെയാണ്. ഈ പെൺകുട്ടികൾ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വച്ച് തയ്യാറാക്കിയ പരാതിയിൽ കഴമ്പില്ല എന്ന് സർവകലാശാല അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.