HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

രമേഷ് പിഷാരടിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സൈബർ ആക്രമണം

സൈബർ ആക്രമണം നേരിട്ടെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തീരാതെ സൈബർ പോര്. രമേഷ് പിഷാരടിയെ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. പേടിച്ച് അടുക്കളയിൽ ഒളിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. കേവലം ഫേസ്ബുക് രാഷ്ട്രീയം മാത്രം നടത്തുന്ന പ്രവർത്തനമല്ല തന്റേത്. അപ്പോൾ ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കുറഞ്ഞെന്ന് വരാം. തെമ്മാടി കൂട്ടങ്ങളെ അവജ്ഞയോടെ തള്ളുന്നുവെന്ന് നീതു വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.


നീതു വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ രാഹുൽ മങ്കൂട്ടവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത തീരുമാനത്തിന് വിരുദ്ധമായി രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങൾക്ക് എതിരെ ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അത് എഴുതുമ്പോൾ തന്നെ എനിയ്ക്ക് അറിയാമായിരുന്നു കടന്നൽ കൂട്ടത്തിൽ കല്ലെറിയുകയാണെന്ന്. പക്ഷേ, ചിലത് പറയേണ്ട സമയത്ത് പറഞ്ഞേ മതിയാവുകയുള്ളൂ. ആ പോസ്റ്റിൽ വന്ന് അനുകൂലമായും പ്രതികൂലമായും അഭിപ്രായം പറഞ്ഞവരുണ്ട്. അതിൽ ചിലർ സ്വന്തം പേരോ തന്തയുടെ പേരോ ഉള്ളവരല്ല. ചിലർ സ്വന്തം വിലാസം പുറത്ത് അറിയിക്കാതെ പോരാടുന്നവരാണ്. ഈ രണ്ട് തെമ്മാടിക്കൂട്ടങ്ങളെയും അവജ്ഞയോടെ തള്ളിക്കളയുന്നു. നിങ്ങൾ ആരെങ്കിലും സൈബർ ആക്രമണം നടത്തി എന്ന് വിചാരിച്ച് പേടിച്ച് അടുക്കളയിൽ ഒതുങ്ങുന്ന പ്രകൃതമല്ല എന്റേത്. അത് കൊണ്ട് തന്നെ എഴുതിയ അഭിപ്രായത്തിൽ ഒരല്പവും പിന്നോട്ട് പോകാനും തയ്യാറല്ല. എന്നാൽ ചിലർ ഗൗരവമായി പറഞ്ഞവരാണ്. അവരറിയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ഇതെഴുതുന്നത്.


എന്റെ പേര് Neethu Vijayan.എന്റെ സംഘടന പാരമ്പര്യം ചിലപ്പോൾ ഈ പേജിൽ കാണില്ല. ഫേസ്ബുക് ഗ്രാഫ് മാത്രം നോക്കി രാഷ്ട്രീയം അളക്കുന്നവരോട് അവരുടെ അറിവിലേക്കായി പറയുന്നു. കേവലം ഫേസ്ബുക് രാഷ്ട്രീയം മാത്രം നടത്തുന്ന പ്രവർത്തനമല്ല എന്റേത്. അപ്പോൾ ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കുറഞ്ഞെന്ന് വരാം. ജഗതി വാർഡിൽ UDF നെ പ്രതിനിധീകരിച്ച് കോർപറേഷൻ ഇലക്ഷനിൽ മത്സരിക്കുകയും, തുടർച്ചയായി എട്ട് വർഷം യൂത്ത് കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിയായും യൂത്ത് കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജനറൽ സെക്രട്ടറിയായുമുള്ള ചെറിയ പ്രവർത്തന പരിചയമേ എനിക്കുള്ളൂ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം ഇപ്പോഴുള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നത്. പ്രസ്ഥാനം ഒരു തീരുമാനം എടുക്കുമ്പോൾ അതിനെതിരെ അഭിപ്രായം പറയുന്നവർക്കുനേരെ ഇനിയും പ്രതികരിച്ചെന്നിരിക്കും. എന്റെ പോസ്റ്റിനു താഴെ വന്ന് മോശം കമന്റ്‌ ചെയ്യുന്ന വനിതകളുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല.


വീണ കുന്നപ്പള്ളി എന്ന ഒരു വനിത എഴുതിയത് ശ്രദ്ധയിൽപെട്ടു. എനിയ്ക്ക് രാഹുലിനെ 9 ലക്ഷം വരുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മാത്രമേ അറിയുകയുള്ളൂ. അത് കൊണ്ട് ഈ അംഗങ്ങൾക്ക് വേണ്ടി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നിഷേധിക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്കു മാത്രമേ ഈ പ്രശ്നവുമായുണ്ടായ ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുള്ളു. വ്യക്തിതാല്പര്യങ്ങൾക്ക് മുകളിൽ പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. പാർട്ടിയ്ക്ക് ഈ കാര്യങ്ങളിൽ വ്യക്തമായ ബോധ്യമുണ്ടെന്നു എനിക്കുറപ്പുണ്ട്. നിങ്ങൾക്കങ്ങനെയല്ലായിരിക്കാം.


കമന്റ്‌ ബോക്സ്‌ കാണുമ്പോൾ പിന്നെ മനസ്സിലാകുന്നത്, ഇവരൊക്കെ തന്നെയാണ് ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും, സുധാകരനെയും ഇപ്പോൾ വി ഡി സതീശനെയും പല ഘട്ടങ്ങളിലായി തെറി വിളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഉദ്ദേശം എങ്ങനെയെങ്കിലും ആരെങ്കിലും രാഹുലിനെതിരെ ഒന്ന് പോലീസിൽ പരാതി നൽകിയാൽ നന്നായിരുന്നു എന്ന തരത്തിൽ പ്രകോപനം സൃഷ്ടിക്കലാണ്. ഇതൊക്കെ വായിക്കുന്നവർക്ക് മനസിലാകും എന്ന് നിങ്ങൾ മറക്കരുത്. എന്തായാലും ഈ സൈബർ അറ്റാക്ക് കണ്ട് ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കൾക്ക് എല്ലാം നന്ദി അറിയിക്കുന്നു. ഇനിയും പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരിക്കുക തന്നെ ചെയ്യും. എ സി റൂമിൽ ഇരുന്ന് തെറി വിളിക്കാനുള്ളവർ ആ പണി തുടർന്ന് തന്നെപോകണം. നിങ്ങളുടെ ജീവിത മാർഗ്ഗം അല്ലെ അത്. അത് കളയണ്ട.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS