അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ കുടുംബപശ്ചാത്തലം അതിദാരുണം; മകൻ ക്യാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുമ്പ്, വേദനയിൽ നിന്ന് കരകയറുന്നതിനിടെ കുടുംബം മറ്റൊരു ദുരന്തത്തിലേക്ക്, മകൾ നേഴ്സിം​ഗ് വിദ്യാർത്ഥി

അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ കുടുംബപശ്ചാത്തലം അതിദാരുണം

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ കുടുംബപശ്ചാത്തലം അതിദാരുണമെന്ന് ബന്ധുക്കൾ. ബിജുവിൻ്റെ മകൻ ഒരു വർഷം മുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനകളിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ബിജുവിൻ്റെ മകൾ കോട്ടയത്ത് നേഴ്സിം​ഗ് വിദ്യാർത്ഥിയാണ്.


ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബിജുവിൻ്റെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്പ് മരിച്ചു. ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർ​ഗങ്ങൾ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായെന്നും റോഡിൻ്റെ പണി വന്നതാണ് പ്രശ്നമായതെന്നും പിതാവ് പറഞ്ഞു. 


മണ്ണിടിച്ചിലുണ്ടായത് അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത്

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്താണ് രാത്രി മണ്ണിടിച്ചിൽ ഉണ്ടായത്. വീട് തക‍ർന്ന് സിമൻറ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. ഇവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. എന്നാൽ സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭ‍ർത്താവ് ബിജുവിനെയും പുറത്ത് എത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തക‍ർന്ന വീടിൻറെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെയും പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു.


ഇന്നലെ രാത്രി രാത്രി 10.30 കഴിഞ്ഞാണ് പ്രദേശത്ത് തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ടു വീടുകൾ തകർന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതിൽ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. 


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS