അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ കാലിലെ പരിക്ക് ഗുരുതരം, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യത

മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയില്‍


അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സന്ധ്യയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് വിവരം


വലിയ ശബ്ദം കേട്ടെത്തിയപ്പോള്‍ തന്നെ മണ്ണ് മുഴുവന്‍ താഴേക്ക് വരികയായിരുന്നുവെന്ന് സംഭവം ആദ്യം കണ്ട നാട്ടുകാര്‍ പറഞ്ഞു. ഇവരെത്തുന്ന സമയത്ത് ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഉടന്‍ തന്നെ ജെസിബിയെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചെന്നും നാട്ടുകാര്‍ വ്യക്തമാക്കി.


'ഞങ്ങളെത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞിരിക്കുകയായിരുന്നു. ചെല്ലുമ്പോള്‍ ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നു. സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ മറുപടി നല്‍കി. മൂന്ന് നാല് ദിവസമായി ഇവിടെ പണി നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും മണ്ണ് നീക്കാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയായപ്പോള്‍ ഈ സ്ഥലത്തിന്റെ മേല്‍ ഭാഗത്ത് വിള്ളലുണ്ടായിരുന്നു. അതിന് ശേഷം മെമ്പറെ വിളിച്ച് പറഞ്ഞ് എല്ലാവരെയും മാറ്റിതാമസിപ്പിച്ചു. ബിജുവിന്റെ തറവാട് ഇതിനടുത്താണ്. തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയതായിരുന്നു. അപ്പോഴേക്കും മണ്ണിടിഞ്ഞു', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.


നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സന്ധ്യയെ രക്ഷിക്കാനായെങ്കിലും ഭര്‍ത്താവ് അടിമാലി നെടുമ്പള്ളിക്കുടിയില്‍ ബിജു(45)വിനെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ബിജുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. രാവിലെ പോസ്റ്റ് മോര്‍ട്ടം നടക്കും. സംസ്‌കാരം ഇന്നുതന്നെ നടത്താനാണ് തീരുമാനം. ബിജു കൂലിപ്പണിക്കാരനായിരുന്നു. സന്ധ്യയ്ക്ക് മില്‍മ സൊസൈറ്റിയില്‍ ജോലി ആയിരുന്നു. ബിജുവിന്റെ ഇളയ മകന്‍ ആദര്‍ശ് കഴിഞ്ഞ വര്‍ഷമാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. മൂത്ത മകള്‍ ആര്യ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആണ്.


നിലവില്‍ ആശങ്കയിലാണ് കൂമ്പന്‍പാറയിലെ നാട്ടുകാര്‍. ദേശീയപാത നിര്‍മാണം മൂലം മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത 85ന്റെ പണി നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. മൂന്നാറിലേക്കുള്ള പ്രധാന പാതയിലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞത്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ 3.27ഓടെ സന്ധ്യയെയും ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50 ഓടെ ബിജുവിനെയും പുറത്തെത്തിച്ചു. അപ്പോഴേക്കും ബിജുവിന്റെ ജീവന്‍ നഷ്ടമായിരുന്നു. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS