വിദേശജോലി വാഗ്‌ദാനം ചെയ്ത് അഞ്ഞൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി; കേസ് രജിസ്റ്റർ ചെയ്തതോടെ മുടി നീട്ടി വളർത്തി, താടിയും മീശയുമില്ലാതെ 'വിമൽ' എന്ന പേരിൽ ഒളിവു ജീവിതം, ബെഥനി ടൂർസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ ഇടുക്കി കരിമ്പൻ സ്വദേശി അറസ്റ്റിൽ

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കരിമ്പൻ സ്വദേശി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് പണംതട്ടിയ ബെഥനി ടൂർസ് ഡയറക്ട‌ർ അറസ്റ്റിൽ. തൊടുപുഴ സ്വദേശി ജ്യോതിഷിനെ ബെംഗളൂരുവിൽ നിന്നാണ് കൊച്ചി സെൻട്രൽ പൊലീസ് പിടികൂടിയത്. ഒന്ന് മുതൽ മൂന്ന് ലക്ഷം വരെയാണ് ഓരോ ഉദ്യോഗാർഥികളിൽ നിന്ന് ജ്യോതിഷ് തട്ടിയത്.


എട്ട് മാസമായി പൊലീസിനെ വെട്ടിച്ച് നടന്ന ജ്യോതിഷ് ഒടുവിൽ കുടുങ്ങി. കൊച്ചിയിൽ മുങ്ങിയ ജ്യോതിഷ് ബെംഗളൂരുവിലാണെന്ന് സെൻട്രൽ പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എസ്.ഐ അനൂപ് ചാക്കോയും സംഘവും രണ്ട് തവണ ബെംഗളൂരുവിലെത്തിയെങ്കിലും തലനാരിഴയ്ക്ക് ജ്യോതിഷ് രക്ഷപ്പെട്ടു. എട്ട് മാസം മുൻപ് തട്ടിപ്പിനിരയായവർ പരാതി നൽകിയത് മുതൽ ജ്യോതിഷിന് പിന്നാലെ സെൻട്രൽ പൊലീസുണ്ട്. മൊബൈൽ ലൊക്കേഷനടക്കം ട്രാക്ക് ചെയ്താണ് ഇത്തവണ അനൂപ് ചാക്കോയും സംഘവും ബെംഗളൂരു ടിപ്പസാന്ദ്രയിലെത്തിയത്. ഇവിടെ ആൾമാറാട്ടം നടത്തി മറ്റൊരാളുടെ മുറിയിൽ താമസിക്കുകയായിരുന്നു ജ്യോതിഷ്. കേരളത്തിൽ നിന്ന് ജോലി തേടിയെത്തിയതാണെന്നും വിമലെന്നാണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. മുറിയിലെത്തിയ സെൻട്രൽ പൊലീസും ആദ്യമൊന്ന് സംശയിച്ചു. താടിയും മീശയും വടിച്ച് മറ്റൊരു ഗെറ്റപ്പിലായിരുന്നു ജ്യോതിഷ്. പൊലീസ് ആദ്യം ചോദിച്ചപ്പോളും പറഞ്ഞത് വിമലെന്ന പേര്. പിന്നീട് യഥാർഥ പേര് വെളിപ്പെടുത്തി. 


സംസ്‌ഥാന വ്യാപകമായി അഞ്ഞൂറിലേറെ പേരെയാണ് ബെഥനി ടൂർസിന്റെ പേരിൽ കാനഡയിലും ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. പതിനായിരം രൂപ വീതം ഘട്ടം ഘട്ടമായി വാങ്ങിയായിരുന്നു തട്ടിപ്പ്. നിർധനരായ പലരും വായ്‌പയെടുത്തും കടംവാങ്ങിയുമാണ് പണം തരപ്പെടുത്തി നൽകിയത്. തട്ടിപ്പിനിരയായവർ രൂപീകരിച്ച് വാട്‌സപ്പ് ഗ്രൂപ്പിൽ നിലവിൽ എണ്ണൂറിലേറെ പേരാണുള്ളത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയായെത്താനാണ് സാധ്യത. തട്ടിപ്പിൽ കൂടുതൽ ആളുടെ പങ്കും പൊലീസ് സംശയിക്കുന്നു. തട്ടിയെടുത്ത പണം എന്ത് ചെയ്‌തുവെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുണ്ട്. ജ്യോതിഷിന്റെ കസ്‌റ്റഡിയിൽ വാങ്ങി ഈ ചോദ്യങ്ങൾക്ക് ഉത്തരംകണ്ടെത്താനാണ് പൊലീസിൻ്റെ നീക്കം.



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. മലയാളിക്ക് വിദേശ ജോലിയോടുള്ള ആവേശം ചൂഷണം ചെയ്യപ്പെടുന്നു.

    ReplyDelete

 HONESTY NEWS ADS