ദേശീയപാതയിലെ മലയിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ 14 ദിവസമായി നിര്‍ത്തിവച്ച ഗതാഗതം പുനഃസ്‌ഥാപിച്ചു. നിയന്ത്രണവിധേയമായി റോഡ് തുറന്നുകൊടുക്കുവാനാണ് ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 5 ദിവസം മുന്‍പ് തന്നെ ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ മണ്ണ് നീക്കം ചെയ്‌തതായി ദേശീയപാത വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി വാഹന ഗതാഗത്തിന് തുറന്നു കൊടുത്തിരുന്നില്ല. മണ്ണിടിഞ്ഞ ഭാഗത്ത് വ്യാപകമായ നീര്‍ച്ചാലുകള്‍ കണ്ടെത്തുകയും വിവിധ ഇടങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തുകയും ചെയ്‌ത പശ്‌ചാത്തലത്തില്‍ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ വൈകുകയായിരുന്നു. എന്നാല്‍ ഇതുവഴി കരാര്‍ കമ്ബനിയുടെ ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തി. ഏകദേശം സുരക്ഷ ഉറപ്പാണെന്നുള്ള കണ്ടെത്തല്‍ തുടര്‍ന്നാണ് ഇപ്പോള്‍ ഇതുവഴി ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ തീരുമാനമായത്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തിര റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എട്ടംഗ വിദഗ്‌ധസമിതിയെ കലക്‌ടര്‍ നിയോഗിച്ചിരുന്നു. വിദഗ്‌ധസംഘം സ്‌ഥലത്ത് പരിശോധന നടത്തി രണ്ടു ദിവസത്തിനകം അടിയന്തര റിപ്പോര്‍ട്ടും പിന്നാലെ വിശദമായ റിപ്പോര്‍ട്ടും കൈമാറി.
റോഡിന്റെ മുകള്‍ ഭാഗങ്ങളില്‍ മണ്‍തിട്ട ഇപ്പോഴും അപകടാവസ്‌ഥയില്‍ തന്നെ നില്‍ക്കുകയാണ്. മഴ ശക്‌തമായി പെയ്‌താല്‍ ഏത് നിമിഷവും ഈ മണ്‍കൂന റോഡിലേക്ക് പതിക്കാമെന്ന സാഹചര്യം നിലനില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ വലിയ മല തട്ടുകളായി തിരിച്ച് അപകടസാധ്യത ഒഴിവാക്കി ഗതാഗത്തിന് തുറന്നു കൊടുക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ദേശീയപാത രണ്ടാഴ്‌ചയിലധികം അടച്ചിട്ടതോടെ വിവിധ ഇടങ്ങളില്‍ നിന്നും വ്യാപക പരാതികളാണ് ഉയര്‍ന്നിരുന്നത്. അടിമാലി ടൗണിലെ ഒരു വിഭാഗം വ്യാപാര മേഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചതോടെ ഇവരും മന്ത്രിമാര്‍, ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. അപകടം നടന്ന ഭാഗത്ത് ദേശീയപാതാ വിഭാഗം അടിയന്തര പ്രാധാന്യത്തോടെ ഇരുവശങ്ങളിലും സുരക്ഷകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് ദേശീയപാതയുടെ കട്ടിങ് സൈഡില്‍ 20 മീറ്റര്‍ ഉയരത്തില്‍ കോണ്‍ഗ്രീറ്റ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് അനുമതി ആയിട്ടുണ്ട്. തട്ടുകളായാവും ഇവ നിര്‍മ്മിക്കുക. അടിയന്തരമായി ഇത്തരം സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ ഭാഗത്ത് അപകടസ്‌ഥിതി ഒഴിവാകും.
കലക്‌ടറുടെ ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍
മണ്ണിടിഞ്ഞ പ്രദേശത്ത് ഒറ്റവരിയായി മാത്രമേ വാഹനങ്ങള്‍ കടത്തിവിടാന്‍ പാടുള്ളൂ. ഇതിന് ആവശ്യമായ ട്രാഫിക് / സുരക്ഷാ ക്രമീകരണങ്ങള്‍ ദേശീയപാത അതോറിറ്റി, ജില്ലാ പോലീസ് മേധാവി ഇടുക്കി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍, ഇടുക്കി എന്നിവര്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
ഇനിയൊരു നിര്‍ദേശം ഈ കാര്യാലയത്തില്‍നിന്നും നല്‍കുന്നത് വരെ ഭാരം കൂടിയ വലിയ വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ എന്നിവ ഈ വഴി കടത്തി വിടാ ന്‍ പാടുള്ളതല്ല.
-റെഡ് / ഓറഞ്ച് അലര്‍ട്ട്, അതി ശക്‌തമായ മഴ എന്നിവ ഉള്ളപ്പോള്‍, ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം വഴിതിരിച്ചു വിടുന്നതിനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി സ്വീകരിക്കേണ്ടതാണ്.
നിലവില്‍ ഗതാഗതം പുനസ്‌ഥാപിക്കുന്ന സമയം മുതല്‍ ടി ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള മണ്ണിടിച്ചില്‍ സാധ്യതയോ, റോഡിലെ വിള്ളലുകള്‍ വലുതാകുകയോ ചെയ്യുന്നുണ്ടോ എന്ന് ദേശീയപാത അതോറിറ്റി നിരീക്ഷിക്കേണ്ടതും അത്തരം സാഹചര്യം ഉണ്ടായാല്‍ ഉടന്‍തന്നെ ഗതാഗതം വെക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണ്.
ഏതാനും ദിവസം ഒറ്റ വരിയായുള്ള ഗതാഗതം തുടരുകയും പിന്നീട് അപകടസാധ്യത ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഭാരവാഹനങ്ങള്‍ ഈ കാര്യാലയത്തില്‍ നിന്നുമുള്ള നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ പുനഃസ്‌ഥാപിക്കുന്നതാണ്.


