തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവു എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയത്.
പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ നിരോധിത വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും 50000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കൾ കൊച്ചി കോർപ്പറേഷന് കൈമാറി. ഈ വസ്തുക്കൾ വിൽപ്പന നടത്തണമെങ്കിൽ ജില്ലാ കളക്ടറിൽ നിന്നും അനുമതി വാങ്ങണമെന്നും അതുവരെ സ്ഥാപനം അടച്ചിടണമെന്നും നിർദ്ദേശം നൽകി. പ്രവർത്തിക്കുന്നതിന് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്ന് കടയുടമയിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങി.
റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീന് വസ്തുക്കൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം പ്രചാരണത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണം നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്. കൂടാതെ പേപ്പറുകളും 100 ശതമാനം കോട്ടൺ തുണികളും പ്രചാരണത്തിന് ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രിന്റിങ് യൂണിറ്റുകളിൽ പരിശോധന നടത്തി വരികയാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരും.
ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാർക്ക് പരിശീലനം നൽകി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ തദ്ദേശസ്ഥാപനതലത്തിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പരിശീലനത്തിൽ ഹരിത ചട്ടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളും പ്രായോഗിക മാർഗ്ഗ നിർദേശങ്ങളും വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഗ്രീൻ പ്രോട്ടോക്കോളിന്റെ മുഖ്യ ഉദ്ദേശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


