
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീക്ക് തെരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക നൽകി ധീരജിന്റെ കുടുംബം. വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെ അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പിണറായി ഡിവിഷനിൽ നിന്നാണ് സിപിഐഎം സ്ഥാനാർത്ഥിയായി അനുശ്രീ മത്സരിക്കുന്നത്.
'കോൺഗ്രസുകാർ കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്ന്‌പോയൊരു കുടുംബമുണ്ടായിരുന്നു. സകലതിൽ നിന്നും ഒഴിഞ്ഞു മാറി വേദനയും രോഷവും കൊണ്ട് പാടെ ഉൾവലിഞ്ഞു പോയവർ. കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് ഞങ്ങളന്ന്. അതേ മനുഷ്യരാണ് 'കൂടെ ഞങ്ങളുണ്ടെന്ന്' എന്നോടിന്ന് തിരികെ പറയുന്നത്. തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ വിളിച്ചപ്പോൾ 'ധീരജ് മോന്റെ പെങ്ങൾക്ക്' വേണ്ടിയാണെന്നാണ് അവർ കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് വിവരിക്കാൻ എനിക്ക് അറിയില്ല', അനുശ്രീ കുറിച്ചു.
2022 ജനുവരിയിലാണ് ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി.
കുറിപ്പിന്‍റെ പൂർണരൂപം.
കോൺഗ്രസ്സുകാർ കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്ന്‌പോയൊരു കുടുംബമുണ്ടായിരുന്നു. സകലതിൽ നിന്നും ഒഴിഞ്ഞു മാറി വേദനയും രോഷവും കൊണ്ട് പാടെ ഉൾവലിഞ്ഞു പോയവർ. കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് ഞങ്ങളന്ന്. അതേ മനുഷ്യരാണ് 'കൂടെ ഞങ്ങളുണ്ടെന്ന്'എന്നോടിന്ന് തിരികെ പറയുന്നത്. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവർ കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് വിവരിക്കാൻ എനിക്ക് അറിയില്ല! നിറഞ്ഞ സ്‌നേഹത്തോടെ ചേർത്ത് നിർത്താൻ എത്രയെത്ര മനുഷ്യരാണ് ചുറ്റിലും. ഞാനിതാ നിങ്ങളെയോർത്ത് ജീവിക്കുന്നു. നമ്മളിതാ ഒന്നിച്ച് ജയിക്കുന്നു.

