HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കേരളത്തിലെ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയമുഖം, കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടിയുടെ ഭരണാനുമതി

പുതിയ കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി

ആലപ്പുഴ, എറണാകുളം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 12 ആശുപത്രികളില്‍ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ കൂടി കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.


ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ളത്. രണ്ട് വര്‍ഷം കൊണ്ട് 5,000ലധികം കാര്‍ഡിയാക് പ്രൊസീജിയറുകളാണ് ചെയ്തത്. രോഗികളുടെ ബാഹുല്യം കൊണ്ടാണ് പുതിയ കാത്ത് ലാബ് അനുവദിച്ചത്. കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടിഎംടി മെഷീന്‍, ടെമ്പററി പേസ് മേക്കര്‍, 5 വെന്റിലേറ്ററുകള്‍, 20 ഐസിയു കിടക്കകള്‍, എക്കോ മെഷീന്‍, വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായാണ് തുകയനുവദിച്ചത്.


എറണാകുളം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായാണ് പുതുതായി കാത്ത് ലാബ് അനുവദിച്ചത്. കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടെമ്പററി പേസ് മേക്കര്‍, 5 വെന്റിലേറ്റര്‍, എക്കോ മെഷീന്‍, അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.


കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചെയ്യുന്ന ആശുപത്രിയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൂടുതല്‍ രോഗികള്‍ക്ക് സഹായകമാകാനാണ് പുതുതായി ഒരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നത്. അഡ്വാന്‍സ്ഡ് കാത്ത് ലാബ്, എക്കോ മെഷീന്‍, കാര്‍ഡിയാക് 3 ഡി മാപ്പിംഗ് സിംസ്റ്റം, 15 ഐസിയു കിടക്കകള്‍, 15 കാര്‍ഡിയാക് മോണിറ്റര്‍, 3 വെന്റിലേറ്റര്‍, എമര്‍ജന്‍സി ട്രോമ കോട്ട് മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA