ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമേറുന്ന യുപിഐ; ഒക്‌ടോബറില്‍ റെക്കോർഡ് ഇടപാടുകള്‍, 27 ലക്ഷം കോടി രൂപയിലധികം മൂല്യം

GOODWILL HYPERMART


ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്‌ടോബര്‍ മാസത്തില്‍ റെക്കോർഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ മാസം ആകെ യുപിഐ ഇടപാടുകള്‍ 20.7 ബില്യൺ ആയിരുന്നെങ്കില്‍ അതിന്‍റെ മൂല്യം ഏകദേശം 27.28 ലക്ഷം കോടി രൂപ വരും.


ഒക്‌ടോബറിലെ യുപിഐ ഇടപാട് കണക്കുകള്‍ പുറത്തുവിട്ട് എൻ‌പി‌സി‌ഐ

2025 ഒക്‌ടോബര്‍ മാസം രാജ്യത്തെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 27.28 ലക്ഷം കോടി രൂപയായിരുന്നുവെന്ന് നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് ഏകദേശം 23.49 ലക്ഷം കോടി രൂപ ആയിരുന്നു. വാർഷികാടിസ്ഥാനത്തിൽ ഈ ഇടപാടുകളിൽ ഏകദേശം 16 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പ്രതിമാസം ഈ വർധനവ് ഏകദേശം 9.5 ശതമാനമാണ്. കഴിഞ്ഞ മാസത്തെ ശരാശരി പ്രതിദിന യുപിഐ ഇടപാടുകൾ 66.8 കോടിയും അതിന്‍റെ ശരാശരി മൂല്യം ഏകദേശം 87,993 കോടി രൂപയും ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഇടപാടുകളുടെ അളവിലെ തുടർച്ചയായ വർധനവ് രാജ്യത്തിന്‍റെ ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചറിന്‍റെ കരുത്ത് കാണിക്കുന്നുവെന്ന് എൻ‌പി‌സി‌ഐ പറഞ്ഞു. ഒക്‌ടോബറിലെ ദീപാവലി ഉത്സവവും യുപിഐ ഇടപാടുകളിലെ ശക്തമായ വളർച്ചയ്ക്ക് ഒരു പ്രധാന കാരണമാണ്.


രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളിലെ 85 ശതമാനവും യുപിഐ വഴി

ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ഏകദേശം 85 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്‍റുകളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ഭൂട്ടാൻ, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൗറീഷ്യസ്, ശ്രീലങ്ക, ഫ്രാൻസ്, സിംഗപ്പൂർ എന്നീ ഏഴ് വിദേശ രാജ്യങ്ങളിലും യുപിഐ പേയ്‌മെന്‍റ് സേവനം ഉപയോഗിക്കാനാകും. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇത് സൗകര്യപ്രദമായ പേയ്‌മെന്‍റ് ഓപ്ഷനുകൾ നൽകും.



GOODWILL HYPERMART



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS