മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ (സിഎംജിസി) സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് തടഞ്ഞുവെച്ചത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റേതാണ് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം ജില്ലാ ട്രഷറിക്ക് കത്തയച്ചിട്ടുമുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടെ അടക്കം ശമ്പളമാണ് തടഞ്ഞത്.
ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തി. പരാതികളുടെ സ്ഥിതി മുഖ്യമന്ത്രിയുടെ സെല്ലിലെ ഉദ്യോഗസ്ഥർ നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പരാതികൾ പരിഹരിക്കുന്നതിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കട്ടക്ക് ജില്ലയിലെ ഉദ്യോഗസ്ഥർ വളരെയേറെ പിന്നിലായിരുന്നു.
ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഈ ഉദ്യോഗസ്ഥർക്ക് നൽകില്ല. തീർപ്പാക്കാത്ത പരാതികൾ വേഗത്തിൽ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഇത് തീർപ്പാക്കുന്നതിൻ്റെ അടിസ്ഥാനത്തിലാവും ശമ്പളം തടഞ്ഞ നടപടി പിൻവലിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പൊതുജന പരാതി പരിഹാര സംവിധാനം പൂർണ്ണമായും സ്തംഭിച്ചതിൻ്റെ വ്യക്തമായ തെളിവാണ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുകൊണ്ടുള്ള നടപടിയെന്ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബിജെഡി കുറ്റപ്പെടുത്തി.


.jpeg)