ഇടുക്കിയില്‍ ഓപ്പറേഷന്‍ ഷൈലോക്ക് പരിശോധന ശക്തമാക്കി പോലീസ്. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ വ്യാപക പരിശോധന നടന്നു.നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റെയ്ഡില്‍ കാല്‍ കോടിയോളം രൂപ പിടിച്ചെടുത്തു.
നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയില്‍ രണ്ടു പേരാണ് പിടിയിലായത്. നെടുങ്കണ്ടം ആശാരികണ്ടം മഠത്തില്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തി ഒന്ന് ലക്ഷത്തി പതിനായിരം രൂപയും നിരവധി മുദ്ര പത്രങ്ങളും ചെക്കുകളും പിടിച്ചെടുത്തു. മറ്റൊരു പരിശോധനയില്‍ നെടുങ്കണ്ടത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്‌നാട് സ്വദേശിനിയായ കലാഭവന്‍ വീട്ടില്‍ സൂര്യകലയെ ഒരു ലക്ഷത്തിലധികം രൂപയും 5 ചെക്കുകളും പ്രോമസ്‌റീ നോട്ടുകളുമടക്കം പിടികൂടി.
ഒരു രൂപ പോലും നികുതി അടയ്ക്കാതെ സാധാരണക്കാരെ കുത്തിപ്പിഴിഞ്ഞു കൊള്ളയടിക്കുന്ന വട്ടി പലിശക്കാര്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ ഷൈലോക്കിന് രൂപം നല്‍കിയത്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളും ഉള്‍ഗ്രാമ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വട്ടി പലിശക്കാര്‍ പിടിമുറുക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞമാസം ഒരേസമയം വിവിധ ഇടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിരവധി പേരാണ് അറസ്റ്റിലായത്. അരക്കോടിയോളം രൂപയും രേഖകളും അന്ന് പിടിച്ചെടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാപകമായ പരിശോധന പുനരാരംഭിച്ചത്.


