HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഷെഫാലിക്കും ദീപ്തിക്കും അര്‍ധ സെഞ്ചുറി; വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല.


മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി.


പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്‌കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു.


ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.


ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.


ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.


ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ ആദ്യമായാണ് നടക്കുന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസീസ് കരുത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ 2017ല്‍ വിജയത്തിനരികെ ഇംഗ്ലണ്ടിനോട് 9 റണ്‍സ് തോല്‍വി വഴങ്ങി.അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണിത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA