
മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനുളള ശിപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് അറിയിച്ചു. ടാക്‌സി ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയ ശിപാർശയിൽ പറയുന്നു. ജാൻവിയെ തടഞ്ഞുവെക്കുന്ന സമയത്ത് രണ്ട് ടാക്‌സി വാഹനത്തിലും ഒരു ബൈക്കിലുമാണ് ഡ്രൈവർമാർ എത്തിയത്. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും ആലോചനയുണ്ട്.
അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെ വിളിച്ചുവരുത്തി ഹിയറിങ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്ക് കടക്കുക. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾ നിരോധനമാണെന്നു പറഞ്ഞ് ഒരു സംഘം ആളുകൾ ജാൻവി സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. യാത്ര തുടരുന്നെങ്കിൽ മൂന്നാറിലെ ടാക്സിയിലാകാം എന്ന ഭീഷണിയുമുണ്ടായി.

