ഇടുക്കി സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുക്കണമെന്ന് കോൺഗ്രസ്. ഇടുക്കി ഇത്തവണ യുഡിഎഫ് ഏറെ പ്രതീക്ഷവെയ്ക്കുന്ന നിയമസഭാ മണ്ഡലമാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിന്നാൽ ജയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. തൊടുപുഴയ്ക്കുപുറമേ വിജയസാധ്യതയുള്ള ഇടുക്കി കൂടെ കേരള കോൺഗ്രസിന് കൊടുക്കുന്നതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എതിർപ്പാണ്.
റോഷിക്കെതിരേ കരുത്തൻ വേണം
മന്ത്രി റോഷി അഗസ്റ്റിൻ്റെ കുത്തകമണ്ഡലമാണ് ഇടുക്കി. കേരള കോൺഗ്രസ് എമ്മിനുള്ളിൽ ഒന്നാം നമ്പർ നേതാവായി അദ്ദേഹം ഉയർന്നു. സംസ്ഥാന തലത്തിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കിയതിനൊപ്പം ഭരണനേട്ടം കാണിക്കാൻ ഒട്ടേറെ പദ്ധതികളും നടപ്പാക്കി.
മണ്ഡലത്തിനുള്ളിലും വ്യക്തിബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ റോഷി ശ്രദ്ധിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ റോഷിക്കെതിരേ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ കേരള കോൺഗ്രസിന് കഴിയില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. എതിർസ്ഥാനാർഥി ദുർബലനാണെങ്കിൽ റോഷി അഗസ്റ്റിൻ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടും. 1980, 1982, 1987 കാലഘട്ടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഘടകകക്ഷികളുടെ സഹായമില്ലാതെ ഇടുക്കി സീറ്റിൽ ജയിച്ചിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി എത്തിയാൽ ഇത്തവണ ഇടുക്കി പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ക്യാമ്പ്.
ഭൂപ്രശ്‌നങ്ങൾ ഇടുക്കി മണ്ഡലത്തിൽ വലിയ തോതിൽ ഭരണവിരുദ്ധ തരംഗമുണ്ടാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടായതിൽ ഭരണവിരുദ്ധതരംഗം പ്രധാന ഘടകമാണ്. യുഡിഎഫിനുള്ളിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും കട്ടപ്പന നഗരസഭയിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും ഇതിന് തെളിവാണ് എന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഭരണവിരുദ്ധതരംഗം വോട്ടാക്കി മാറ്റണമെങ്കിൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണം എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യങ്ങളിൽ പരസ്യ പ്രതികരണം അരുതെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതിനാൽ നേതാക്കൾ പലരും മൗനത്തിലാണ്.


