HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ, 'കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച'

വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. പിറ്റേദിവസം വന്നാൽ മതിയെന്ന് പറഞ്ഞ് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്


അതേസമയം, കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്‍റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ അടക്കം സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ചതും ഫോൺ സിം കാർഡ് എടുത്തു നൽകിയതും ആദർശാണെന്ന് പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. ഒളിവിലുള്ള വിഷ്ണുവിനെ കണ്ടെത്താൻ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിയാണ് അറസ്റ്റിലായ ആദർശ്. കേസിലെ ആദ്യ അറസ്റ്റാണിത്.


കഴിഞ്ഞ മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കം നടത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി.  പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്.  അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്‍റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം.


പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം സിജിമോൾ, ബ്ലോക്ക് അംഗം ഷെഫിൻ കെഎസ്യു നേതാവ് ആദേശ് സുധർമൻ, എഐവൈഎഫ് നേതാവ് അനീസ് അടക്കം ഒമ്പതു പേർക്കെതിരെും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.  എന്നാൽ അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ച മുഖ്യപ്രതിയായ വിഷ്ണുവിനെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല.  ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറി ഇറങ്ങി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ, വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.  അംബിക മരിച്ചശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.  എന്നിട്ടും വിഷ്ണുവിനെ പിടികൂടാത്തത് കള്ളക്കളിയെന്നാണ് പരാതിയുയരുന്നത്. വാഹനത്തിൽ മറ്റു രണ്ടു പേര്‍ കൂടിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. പ്രതിയെ ഒരു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA