ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.കൂടാതെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.
പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ കേസിൽ അത് ഏറെ നിർണായകമാകും. പ്രാഥമിക ചോദ്യം ചെയ്യലിൽ ബസില്‍ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ഷിംജിത ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. ദീപക്കിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചാൽ പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടാനാണ് നീക്കം. ഷിംജിതയുടെ പരാതിയിലെ അവ്യക്തതയും പോലീസ് പരിശോധിക്കുന്നുണ്ട്.


