സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഇന്ന് വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു. തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു തിയഡോഷ്യസ് മെത്രാപ്പോലെത്തയെ മറിയ ഉമ്മൻ നേരിൽ കണ്ടത്. ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെയും ബിഷപ്പ് ഹൗസിൽ മറിയാ ഉമ്മൻ നേരിൽ പോയി കണ്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് സന്ദർശനം. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിയിലും എത്തി വൈദികരെ കണ്ടിരുന്നു. മറിയ ഉമ്മൻ സ്ഥാനാർത്ഥി ആകണമെന്ന് വൈദികർ ആവശ്യപ്പെട്ടതായി സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലൊന്നിൽ മറിയ ഉമ്മനെ മത്സരിപ്പിക്കാനാണ് പ്രാഥമിക ആലോചന.
ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്നും അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഊർജ്ജമാകുമെന്നും പാർട്ടി കരുതുന്നു. മറിയയ്ക്ക് പുറമെ അച്ചു ഉമ്മന്റെ പേരും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വത്തെ അറിയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. “മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. പുതുപ്പള്ളിയിൽ യുഡിഎഫ് തന്നെ വിജയിക്കും”- ചാണ്ടി ഉമ്മൻ വ്യക്തമാക്കി.


