വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് അസംബന്ധം മുഴുവന്‍ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാന്‍ വരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ശബരിമലക്കേസിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസംഗത്തിന് എതിരെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
'ഇത്രയും വിവരദോഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയില്‍ അസംബന്ധം പറയുന്നവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരല്ല. പിള്ളേരെ ഓര്‍ത്ത് സങ്കടപ്പെടുന്നു. നാവില്‍ വരുന്നത് എല്ലാം പറയാന്‍ ആകുന്നില്ല, സഹിക്കാന്‍ പറ്റാഞ്ഞിട്ട് പറഞ്ഞതാണ്. ഏത് മാളത്തില്‍ പോയി ഒളിച്ചാലും ഈ സ്വര്‍ണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിന് വേണ്ടി യുഡിഎഫ് അവസാനം വരെ പ്രവര്‍ത്തിക്കും', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വി ശിവന്‍കുട്ടി നേരത്തെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. 'സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കെട്ടിയില്ലേ. അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം', ശിവന്‍കുട്ടി പറഞ്ഞു.
'സ്വര്‍ണം കട്ടവരാരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ', എന്ന പാരഡി ഗാനവും ശിവന്‍കുട്ടി സഭയില്‍ ആലപിച്ചിരുന്നു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സോണിയാ ഗാന്ധിയുടെ വസതിയുടെ ഗേറ്റ് തുറക്കുമോയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശിച്ചിരുന്നുു. പിന്നെ എങ്ങനെ പോറ്റിക്ക് സോണിയാ ഗാന്ധിയുടെ വസതിക്കുള്ളില്‍ കയറാനായെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷം വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ധൈര്യമില്ലെന്നും വീണാ ജോര്‍ജ് ആരോപിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


