വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രത്യേകത. കാലങ്ങളായി കേരളാ കോണ്‍ഗ്രസിനെകുറിച്ച് പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞുവരുന്നതാണിത്. വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലത്താണ് സംസ്ഥാനം. കൂടുമാറ്റവും കാലുമാറ്റവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലം. കേരളാ കോണ്‍ഗ്രസ് എം മുന്നണിവിടുമോ എന്നായിരുന്നു നാളിതുവരെയുള്ള ചര്‍ച്ചയെങ്കില്‍ കേരളാ കോണ്‍ഗ്രസ് എം പിളരുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കേരളാ കോണ്‍ഗ്രസ് എം നേതാക്കളായ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാവുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനം.
കോട്ടയം പാര്‍ട്ടിയെന്നാണ് കേരളാ കോണ്‍ഗ്രസ് അറിയപ്പെട്ടിരുന്നത്. 1964 ഒക്ടോബര്‍ 9 ന് കോട്ടയത്താണ് കേരളാകോണ്‍ഗ്രസിന്റെ പിറവി. കേരളാ കോണ്‍ഗ്രസിനിപ്പോൾ 62 വയസായി. കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ പിറന്ന കേരളാ കോണ്‍ഗ്രസ് ഇന്ന് പലവിഭാഗങ്ങളാണ്. ഓരോ പാര്‍ട്ടിയും ഓരോ നേതാക്കളുടെ പേരിലാണെന്നതും ശ്രദ്ധേയമാണ്. ക്രിസ്റ്റിയന്‍-എന്‍ എസ് എസ് പിന്തുണയില്‍ രൂപീകൃതമായൊരു പാര്‍ട്ടി. കർഷകക്ഷേമം ലക്ഷ്യമിട്ട് വളര്‍ന്ന കേരളാ കോണ്‍ഗ്രസ് ഇന്ന് അധികാരം മാത്രം ലക്ഷ്യമിട്ട് മുന്നേറുന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറി. ഒറ്റ നേതാവിനെമാത്രം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ രണ്ട് നേതാക്കള്‍ ഉണ്ടായാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുമാത്രമാണ് പിന്നീടുള്ള വഴി.
നിരവധി പിളര്‍പ്പുകളെ അതിജീവിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പിളരുമ്പോഴെല്ലാം ഓരോ നേതാക്കളുടെ പേരിലുള്ള പാര്‍ട്ടികള്‍ രൂപീകരിക്കപ്പെട്ടു. കെ എം ജോര്‍ജുണ്ടാക്കിയ പാര്‍ട്ടി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടില്ല. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ നേതാക്കളായി എത്തിയ കെ എം മാണിയും പി ജെ ജോസഫും, ആര്‍ ബാലകൃഷ്ണപിള്ളയും, ടി എം ജേക്കബ്ബും സ്‌കറിയാ തോമസും തുടങ്ങിയ നേതാക്കളെല്ലാം സ്വന്തം പേരില്‍ കേരളാ കോണ്‍ഗ്രസുകളുണ്ടാക്കി. കെ എം മാണി, ആര്‍ ബാലകൃഷ്ണപിള്ള, പി ജെ ജോസഫ് എന്നിവരായിരുന്നു മൂന്ന് കേരളാ കോണ്‍ഗ്രസിന്റെ നേതാക്കള്‍. കേരളാ കോണ്‍ഗ്രസ് ( മാണി), കേരളാ കോണ്‍ഗ്രസ് (ജോസഫ് ) കേരളാ കോണ്‍ഗ്രസ് (ബാലകൃഷ്ണപിള്ള) പിന്നീട് കെ എം മാണിയുമായി അകന്ന ടി എം ജേക്കബ്ബും കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയതോടെ നാല് പ്രമുഖ കേരളാ കോണ്‍ഗ്രസുകള്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി.
രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്ന കെ കരുണാകരന്‍ കേരളാ കോണ്‍ഗ്രസുകാരെയെല്ലാം യു ഡി എഫിന്റെ പിന്നില്‍ അണിനിരത്തി. പിന്നീട് പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് ഇടത് പക്ഷത്തെത്തി. ദീര്‍ഘകാലം ഇടതുമുന്നണിക്കൊപ്പമായിരുന്നു ജോസഫ് ഗ്രൂപ്പ്. കേരളാ കോണ്‍ഗ്രസ് ഐക്യം പ്രഖ്യാപിക്കുന്നതുവരെ ഇടതിന്റെ ഭാഗമായിരുന്നു പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് ഇ കെ നായനാര്‍ മന്ത്രിസഭയിലും വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയിലുമൊക്കെ മന്ത്രിമാരായി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഐക്യകാഹളം മുഴങ്ങിയപ്പോള്‍ പി ജെ ജോസഫും പരിവാരങ്ങളും കെ എം മാണി നയിക്കുന്ന മാതൃപാര്‍ട്ടിയി്ല്‍ തിരിച്ചെത്തി. മധ്യകേരളത്തില്‍ ഒരു കാലത്ത് വന്‍ ശക്തിയായിരുന്നു കേരളാ കോണ്‍ഗ്രസ്.
എന്തായാലും പി ജെ ജോസഫും കെ എം മാണിയും ദീര്‍ഘകാലത്തെ രാഷ്ട്രീയ വൈരം മറന്ന് ഒന്നിച്ചു. കെ എം മാണി ചെയര്‍മാനും പി ജെ ജോസഫ് വൈസ് ചെയര്‍മാനുമായി. യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗമായി. കേരളാ കോണ്‍ഗ്രസ് (ബി) യും ഇതേസമയം യു ഡി എഫിനൊപ്പമായിരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളാ കോണ്‍ഗ്രസില്‍ എല്ലാകാലത്തും നേതൃത്വത്തിന് തലവേദനയായിരുന്ന പി സി ജോര്‍ജും ഐക്യസന്ദേശം ഉള്‍ക്കൊണ്ട് കെ എം മാണിക്കൊപ്പം നിലകൊണ്ടു. പി സി ജോര്‍ജ് പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കി. കെ എം മാണിയുടെ പാലാ മണ്ഡലം പോലെ, പി ജെ ജോസഫിന്റെ തൊടുപുഴപോലെ, പൂഞ്ഞാര്‍ സ്വന്തമാക്കി കേരളാ കോണ്‍ഗ്രസ് ബിയും ഇതുപോലെത്തന്നെ. ബാലകൃഷ്ണപിള്ളയുടെ പൊന്നാപുരം കോട്ടയായി കൊട്ടാരക്കരമാറി. ഇത് കെ എം മാണിയുടെ അവസാന തിരഞ്ഞെടുപ്പുവരെ ആവര്‍ത്തിച്ചു. അരനൂറ്റാണ്ട് കാലം പാലായില്‍ കെ എം മാണി ജൈത്രയാത്ര നടത്തി.
കെ എം മാണിയുടെ ആകസ്മിക വേര്‍പാടാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പിളര്‍പ്പിനുള്ള വഴിയൊരുങ്ങിയത്. കേരളാ കോണ്‍ഗ്രസിനെ പി ജെ ജോസഫ് സ്വന്തമാക്കുമോ എന്നായിരുന്നു ജോസ് കെ മാണിയുടേയും റോഷി അഗസ്റ്റിന്റേയും ഭയം. ഇതോടെ കേരളാ കോണ്‍ഗ്രസില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ പാര്‍ട്ടി പിളര്‍ന്നു. പി ജെ ജോസഫിന് സ്വന്തം പാര്‍ട്ടിയില്ലാതായി. ഒടുവില്‍ പി ടി തോമസിന്റെ പാര്‍ട്ടിയെ ഏറ്റെടുത്ത് സ്വന്തം പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു പി ജെ ജോസഫ്.
പി ജെ ജോസഫ് യു ഡി എഫില്‍ തുടര്‍ന്നപ്പോള്‍ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും എല്‍ ഡി എഫിലേക്ക് ചേക്കേറി. മന്ത്രിസ്ഥാനമായിരുന്നു ജോസ് കെ മാണിയുടെ ലക്ഷ്യം. എന്നാല്‍ പാലായില്‍ ജോസ് കെ മാണി തോല്‍ക്കുകയും ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയിക്കുകയും ചെയ്തതോടെ അധികാര കേന്ദ്രം രണ്ടായി. പാര്‍ട്ടി ചെയര്‍മാനേക്കാള്‍ കേമന്‍ മന്ത്രിയായി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ തോമസ് ചാഴിക്കാടന്‍ ദയനീയമായി തോറ്റതോടെ കേരളാ കോണ്‍ഗ്രസ് എം യു ഡി എഫിലേക്ക് മടങ്ങണമെന്ന നിര്‍ദേശം പാര്‍ട്ടിയില്‍ ഉയര്‍ന്നു. എന്നാല്‍ റോഷിയുടെ താൽപര്യമില്ലായ്മ കാരണം അത് നടന്നില്ല. ഏറ്റവും ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോഴും തിരിച്ചടി ആവര്‍ത്തിച്ചു. പാലായടക്കം കോട്ടയം ജില്ലയില്‍ വന്‍ തിരിച്ചടിയാണ് കേരളാ കോണ്‍ഗ്രസ് നേരിട്ടത്. ഇതോടെ യു ഡി എഫ് പ്രവേശനം വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി. എന്നാല്‍ മന്ത്രി റോഷിയും രണ്ട് എം എല്‍ എമാരും ജോസ് കെ മാണിയുടെ തീരുമാനത്തെ എതിര്‍ത്തു. ഇതോടെ പാര്‍ട്ടി പിളരുമെന്ന ആ സത്യം നേതാക്കള്‍ തിരിച്ചറിഞ്ഞു.
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള അധികാരതര്‍ക്കം ഇതോടെ മൂര്‍ച്ഛിച്ചു. പാലാ സീറ്റില്‍ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച റോഷി അഗസ്റ്റിന്‍ താനാണ് പാര്‍ട്ടിയില്‍ അന്തിമ തീരുമാനെടുക്കാന്‍ പ്രാപ്തനെന്ന് പലതവണ ആവര്‍ത്തിച്ചു. ഈ നിലപാടിനെതിരെ നേതാക്കള്‍ രംഗത്തുന്നതോടെ തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചു. ചോരത്തിളപ്പാണ് റോഷിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നിലെന്നായിരുന്നു പാര്‍ട്ടി ചെയര്‍മാന്റെ പ്രതികരണം. പാര്‍ട്ടിയുമായി ആലോചിക്കാതെ പാലായില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച റോഷി അഗസ്റ്റിനെതിരെ സംഘടിത നീക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. പാലായില്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ച് പാര്‍ട്ടി പിടിച്ചെടുക്കുകയാണ് റോഷിയുടെ ലക്ഷ്യമെന്നാണ് ഉയരുന്ന ആരോപണം. മുന്നണി മാറാനുള്ള ജോസിന്റെ നീക്കം തകര്‍ത്തത് റോഷിയെ ഉപയോഗിച്ചാണെന്ന സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം കേരളാ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്.
മൈക്ക് തട്ടിയെടുത്ത് ജോസ് കെ മാണിയെ നോക്കുകുത്തിയാക്കി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ റോഷിയുടെ രീതി തെറ്റാണെന്ന് ഭൂരിപക്ഷം നേതാക്കളും വിലയിരുത്തുകയാണ്. ഇതിനിടയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് ഇരു നേതാക്കളും നടത്തുന്നത്. താന്‍ ഇതെല്ലാം ആസ്വദിക്കുകയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തന്റെ ലീഡര്‍ ജോസ് കെ മാണിയാണെന്നും, അദ്ദേഹം എടുത്ത തീരുമാനം താന്‍ അംഗീകരിക്കും. ചെയര്‍മാന്റെ തീരുമാനത്തില്‍ എന്തെങ്കിലും സംശയം ഉണ്ടായിട്ടില്ല. ഏത് സീറ്റില്‍ മത്സരിച്ചാലും ജോസ് കെ മാണി വിജയിക്കും, അദ്ദേഹവുമായി സഹോദരതുല്യമായ ബന്ധമാണെന്നും റോഷി വ്യക്തമാക്കുകയാണ്.
ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന റോഷിയുടെ അഭിപ്രായപ്രകടനമാണ് കേരളാ കോണ്‍ഗ്രസില്‍ ഭിന്നയ്ക്ക് വഴിയൊരുക്കിയത്. ഒരു ഭിന്നതയും നിലവിലില്ലെന്നാണ് റോഷിയും ജോസും പറയുന്നതെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഏതുസമയത്തും ഒരു പൊട്ടിത്തെറിയുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പാണോ, അതോ തിരഞ്ഞെടുപ്പിന് ശേഷമാണോ ആ പിളര്‍പ്പെന്നു മാത്രമാണ് ഇനി അറിയേണ്ടതുള്ളൂ.


