ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി. ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തകർന്നുപോയ ഒരു കപ്പലിനെ ശമ്പളം കൊടുക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുക ചെറിയ കാര്യമല്ലെന്നും കെഎസ്ആർടിസിയെ ആ നിലയിലേക്ക് എത്തിച്ചതിൽ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും ഹൈബി ഈഡൻ പറഞ്ഞു. കെഎസ്ആർടിസിയുടെ ഐശ്വര്യമാണ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ വിവാദം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഹൈബി ഈഡന്റെ ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഇതിനിടെ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. പാൻട്രിയും ടോയ്ലറ്റ് സൗകര്യവും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ ബസുകളായിരിക്കും സർവീസ് നടത്തുക. യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
ഈ മാസം 15ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം–കൊച്ചി റൂട്ടിലായിരിക്കും ആദ്യ സർവീസ്. ബസ് എത്തിയാൽ താൻ തന്നെ ഓടിച്ച് നോക്കി സർവീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാനിരിക്കുന്നതിനാലാണ് ഇപ്പോൾ തന്നെ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


