HONESTY NEWS ADS

അനുമതിയേക്കാൾ കൂടുതൽ വെടിമരുന്ന് ശേഖരം; മുതലമടയിലെ പടക്കനിർമ്മാണശാല സീൽ ചെയ്തു, ഉടമയ്‌ക്കെതിരെ കേസ്

പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്‌ക്കെതിരെ കേസ്


പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്‌ക്കെതിരെ കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മ്മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് ബിനോയിക്ക് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചത്. എന്നാല്‍ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിര്‍മ്മാണശാലയില്‍ കണ്ടെത്തിയതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. തുടര്‍പരിശോധന നടത്തുമെന്ന് പാലക്കാട് ജില്ലാകളക്ടര്‍ അറിയിച്ചു. നിലവില്‍ പടക്കനിര്‍മ്മാണ ശാല പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.


കഴിഞ്ഞ ദിവസമാണ് സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 13പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പിന്നാലെ പാറമേക്കാവിന്റെ പടക്കനിര്‍മ്മാണ ശാലയ്ക്കും ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.


 ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ നിര്‍ദേശം. 2006ല്‍ വെടിക്കെട്ട് അപകടം നടന്നപ്പോള്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായും സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നതെന്നുമാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചത്. ഇക്കാര്യം ഇന്ന് നടക്കുന്ന അവലോകനയോഗത്തില്‍ അറിയിക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റിലാണ് യോഗം നടക്കുന്നത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS