അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും ഉടുമ്പൻചോല താലൂക്കിന്റെ പല ഭാഗങ്ങളിലും ഗ്യാസ് വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. അടിമാലി, പള്ളിവാസൽ, ബൈസൺവാലി, കൊന്നത്തടി, മാങ്കുളം, ഉടുമ്പൻചോല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 40 കിലോമീറ്റർ വരെ ദൂരത്തുനിന്ന് ടാക്സി വിളിച്ചാണ് പലരും അടിമാലിയിലെ വിതരണ കേന്ദ്രങ്ങളിൽ എത്തുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഗ്യാസ് ഏജൻസികളുടെ മുന്നിൽ കാത്തുനിന്നാലും പലർക്കും സിലിണ്ടർ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. സാധാരണയായി ഏകദേശം ആയിരം രൂപ വിലവരുന്ന സിലിണ്ടറിന് കരിഞ്ചന്തയിൽ 2500 രൂപ വരെ ഈടാക്കുന്നതായും ആരോപണമുണ്ട്. ഉപഭോക്താക്കൾക്ക് സിലിണ്ടർ ലഭിക്കുന്നതിന് മുൻപേ തന്നെ ‘ഡെലിവറി പൂർത്തിയായി’ എന്ന സന്ദേശം ഫോണുകളിൽ എത്തുന്നതായും പരാതി ഉയരുന്നു. കല്ലാർ, കുരിശുപാറ തുടങ്ങിയ പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് പ്രശ്നം മൂലം ഒ.ടി.പി ലഭിക്കാത്തതും വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാക്കുന്നു. പ്രശ്നത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ കണ്ടു പരാതി സമർപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കളക്ടറെ കണ്ടത്.
പ്രശ്നത്തിന്റെ ഗൗരവം ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തിയതായും, രണ്ടു ദിവസത്തിനകം ശാശ്വത പരിഹാരം കണ്ടെത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായും ജനപ്രതിനിധികൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാക്സിൻ ആന്റണി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസി ഭായി, മെമ്പർമാരായ അൻസാരി ബാബു കൊന്നക്കൽ, ഉഷാ രാമകൃഷ്ണൻ, അമ്പിളി സലീലൻ, ഷേർളി ജോർജ്, ഷിബ കോശി എന്നിവർ പങ്കെടുത്തു.:






