പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില. ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
റഷ്യ- ഉക്രയ്ൻ സംഘർഷത്തെ തുടർന്ന് 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ് കേന്ദ്രസർക്കാർ പയറ്റിയത്. 2022 മാർച്ച് 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയ്ക്കടുത്താണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്. 2022 സെപ്‌തംബറിൽ തന്നെ ക്രൂഡ് ഓയിൽ വില 80 ഡോളറിന് താഴെയെത്തിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ കൂട്ടിയ വില കുറയ്ക്കാൻ തയ്യാറായില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






