HONESTY NEWS ADS

ഉടുമ്പന്നൂർ-ചെറുതോണി തുരങ്കപാത: ഹൈവേ വികസന സമിതി രൂപീകരണ യോഗം നാളെ

ഉടുമ്പന്നൂർ-ചെറുതോണി തുരങ്കപാത


ഹൈറേഞ്ചിൽനിന്ന് ലോറേഞ്ചിലേക്ക് ലിങ്ക് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈവേ വികസന സമിതി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള രൂപീകരണ യോഗം നാളെ (ബുധൻ) വൈകുന്നേരം അഞ്ചിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടക്കും. മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ നിർമ്മാണം മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ മികച്ച നിലയിൽ പൂർത്തിയായിരുന്നു. എന്നാൽ ഇവിടെനിന്ന് മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള ഭാഗം സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായിരുന്നതിനാലും പലർക്കും പട്ടയം ലഭിച്ചതിനാലും നിർമ്മാണം തടസ്സപ്പെട്ടു. ഈ സ്ഥലം കല്ലിട്ട് തിരിച്ച് ഏറ്റെടുക്കാൻ ഏതാനും ദിവസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടു കഴിഞ്ഞു.


പെരുമാങ്കണ്ടം മുതൽ ഉടുമ്പന്നൂർ വരെയുള്ള നിർമ്മാണമാണ് അടുത്ത ഘട്ടത്തിൽ നടക്കേണ്ടത്. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി-വാഴത്തോപ്പ്-ചെറുതോണി വഴിയായിരുന്നു അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് പിന്നീട് ചീനിക്കുഴി-പാറമട-ഇടുക്കി വഴിയാക്കി മാറ്റി. വയനാട് തുരങ്കപാതയുടെ മാതൃകയിൽ ഉടുമ്പന്നൂർ മുതൽ ചെറുതോണി വരെ തുരങ്കപാത നിർമ്മിക്കാനായാൽ ദൂരം എട്ട് കിലോമീറ്ററായി ചുരുങ്ങുമെന്നും ലോറേഞ്ചിൽനിന്ന് ജില്ലാ ആസ്ഥാനത്തേക്ക് വേഗത്തിൽ എത്താമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി പ്രഖ്യാപിച്ച ഈ പാതയുടെ നിർമ്മാണം ഫണ്ടിന്റെ അപര്യാപ്തതയും സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങളും കാരണം കാൽനൂറ്റാണ്ടായി നിലച്ച മട്ടാണ്. ആധുനിക ബോറിംഗ് മെഷീനുകൾ ലഭ്യമായതോടെ തുരങ്ക നിർമ്മാണം വേഗത്തിലും കുറഞ്ഞ ചെലവിലും പൂർത്തിയാക്കാൻ സാധിക്കും.


പദ്ധതിക്കായി ഡി.പി.ആർ (DPR) തയ്യാറാക്കാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. ഇതിനായി ജില്ലയിലെ എം.പി, എം.എൽ.എമാർ എന്നിവർ മുൻകൈ എടുക്കണമെന്നും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പോലുള്ള ഏജൻസികളെ ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. നാളെ നടക്കുന്ന യോഗത്തിൽ കോടിക്കുളം പള്ളി വികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ-തേനി ഹൈവേ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം ചെയ്യും. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങൾ, വിവിധ സമുദായ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുക്കും. ജിജോ പനച്ചിനാനി, ജോൺസൺ മൂലയിൽ, മാത്യു കാപ്പൻ, കുര്യാക്കോസ് തറയിൽ, റോബിൻ തോയലിൽ, ടി.ഒ. റാഫേൽ എന്നിവർ നേതൃത്വം നൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




Angels Daycare- Adimali Road, Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS