ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്തു നിന്നും എട്ട് കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമായിരുന്നു പൈനാവിൽ മിന്നൽ പരിശോധന നടന്നത്. ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി.എസ്-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക 'തൂഫാൻ സ്‌ക്വാഡ്' ആണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ രജിത് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജെൻസൺ, സയോൺ എന്നിവരും ഈ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കണ്ടെത്തിയ എട്ട് കഞ്ചാവ് ചെടികളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള അറിയിപ്പ്
ഇടുക്കി ജില്ലയിൽ നിങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കാം. 9497912594 എന്ന ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ നമ്പറിലാണ് വിവരങ്ങൾ നൽകേണ്ടത്. സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചു.






