പൈനാവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോൺക്രീറ്റ് റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പിന്നോട്ട് ഉരുണ്ട വാഹനം സ്കൂൾ മുറ്റത്തേക്ക് പതിച്ചു. അപകടസമയത്ത് സ്കൂൾ കുട്ടികളും ജീവനക്കാരും മുറ്റത്ത് ഉണ്ടായിരുന്നെങ്കിലും, വാഹനം വരുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പൈനാവ് സ്വദേശിയായ തറയിൽ സാബുവിന്റെ പിതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്കാരത്തിന് ശേഷമുള്ള മരണാനന്തര ചടങ്ങുകൾക്കായി പോവുകയായിരുന്ന യാത്രാസംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സാബുവിന്റെ ബന്ധുവായ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉടൻതന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റ മറ്റ് നാലുപേരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






