വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയിൽ ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാൻ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തും. 2006 ൽ റോസമ്മ, 2015 ൽ ജയ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് 38 -ാം നമ്പർ കല്ലറയിൽ അടക്കിയിരുന്നത് എന്നാണ് കണ്ടെത്തൽ.
ഇപ്പോൾ കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്കാരസമയത്തെ ചിത്രങ്ങളിൽ ഇതിന്റെ തെളിവ് ലഭിച്ചതായാണ് സൂചന. എന്നാൽ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതിൽ സംശയം തുടരുകയാണ്. തുടർന്ന് പള്ളി ഭാരവാഹികളുടെ മൊഴി എടുത്തേക്കും.






