തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ 93 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശി അമൻ അബ്ദുള്ള (20) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ബസ് സ്റ്റാൻഡ് ഭാഗത്ത് മയക്കുമരുന്നുമായി ഒരാൾ നിൽക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കുപ്പിയിലാക്കി സൂക്ഷിച്ച നിലയിൽ 93.09 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രതി വലയിലായത്. തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ ജിബിൻ തോമസ്, ആർദ്ര, ഷിബു കുരിയാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ ബേസിൽ, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടി'ന്റെ ഭാഗമായാണ് ജില്ലയിൽ പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം ഇടുക്കി ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നിന്നായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 93.09 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നതിനും, കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു. ഇടുക്കി ജില്ലയിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508-ൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.


.jpeg)


