ഇടുക്കി ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗവും ഡോക്ടർമാരും ഇല്ലാത്തത് രോഗികളുടെ ജീവനെടുക്കുന്നു. ഹൃദ്രോഗികളെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് റെഫർ ചെയ്യുന്നതാണ് ഇവിടുത്തെ പതിവ്. എന്നാൽ ഈ ദീർഘദൂര യാത്രയ്ക്കിടയിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്.
കാത്ത് ലാബും ഐസിയുവും വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ, ഇതുവരെ നൂറിലധികം പേരാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനുവും സമാനമായ സാഹചര്യത്തിൽ മരണത്തിന് കീഴടങ്ങി. കാർഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ തസ്തികയുണ്ടായിട്ടും നിയമനം നടത്താത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
അതേസമയം മെഡിക്കല്‍ കോളേജുകളിലെ സമ്പൂര്‍ണ്ണ പരിഷ്‌കാരം സംബന്ധിച്ച ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറത്ത് വന്നു. ഡോക്ടറെ വീണ്ടും കാണാതെ 6 മാസം വരെ ഫാര്‍മസിക്ക് മരുന്ന് നല്‍കാം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒരു മാസത്തേക്കുള്ള മരുന്ന് ഒറ്റ തവണയായി നല്‍കാം. ഒപി സമയം കഴിഞ്ഞാലും ടോക്കണ്‍ എടുത്ത എല്ലാ രോഗികളെയും പരിശോധിക്കണം. ഗുരുതര പരിക്കേറ്റവര്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ചികിത്സ ആരംഭിക്കണം. എല്ലാ കിടപ്പുരോഗികള്‍ക്കും വെവ്വേറെ കട്ടില്‍, മെത്ത, തലയണ എന്നിവ ഉറപ്പാക്കണം. ഒപി, ഫാര്‍മസി, ലാബ്, സ്‌കാനിങ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കണം. രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായി പെരുമാറണം. എല്ലാ സേവന കൗണ്ടറുകളിലും പരാതി രജിസ്റ്റര്‍ നിര്‍ബന്ധം. ശുചിമുറികള്‍ ഓരോ മണിക്കൂറിലും വൃത്തിയാക്കണം. രോഗികളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കണം. നിര്‍ദേശങ്ങള്‍ 100 ദിവസത്തിനകം നടപ്പിലാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






