നാൽപ്പത് വർഷങ്ങൾക്ക് മുൻപ് തന്നെ ആളുകൾ കുടിയേറി താമസിക്കുന്ന പ്രദേശമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇടത്തോട്–മലയണ്ണാമല മേഖലകൾ. എന്നാൽ ഇവിടെയുള്ള റവന്യൂ തരിശുഭൂമിയും പാറക്കെട്ടുകളും പോലും വനം വകുപ്പ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. നഗരംപാറ റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്ന് വരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
വനഭൂമിയുടെ അതിരുകൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 'സാഫ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ നേരത്തേ തന്നെ പ്രതിഷേധരംഗത്തുണ്ട്. വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ നിരന്തരം അപേക്ഷകൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ചോദ്യം ചെയ്യുന്നവരോട് ഉദ്യോഗസ്ഥർ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. ആറുവർഷം മുൻപ് വീടിന് സ്ഥലം നികത്തുന്നതിനിടെ രണ്ട് പാഴ്ത്തടികൾ പിഴുതുമാറ്റിയതിന് കസ്റ്റഡിയിലെടുത്ത ജെ.സി.ബി ഇതുവരെ വനംവകുപ്പ് വിട്ടുനൽകിയിട്ടില്ല എന്നത് ജനദ്രോഹ നടപടികളുടെ ഉദാഹരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്ത് പലപ്പോഴും ഉണ്ടാകുന്ന കാട്ടുതീ പോലും ജനങ്ങളെ ഭയപ്പെടുത്തി കുടിയിറക്കാൻ വനം വകുപ്പ് തന്നെ സൃഷ്ടിക്കുന്നതാണെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. ജീവൻ ഭയന്ന് ഇതിനോടകം നിരവധി കുടുംബങ്ങൾ മലമുകളിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. പതിറ്റാണ്ടുകളായി അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ സ്വസ്ഥമായി ജീവിക്കാൻ, പുതിയ ഭരണകൂടം അധികാരത്തിലെത്തിയ സാഹചര്യത്തിലെങ്കിലും വനം വകുപ്പിന്റെ ഈ സമാന്തര സർക്കാർ സമീപനത്തിന് അറുതിവരുമെന്ന പ്രതീക്ഷയിലാണ് കഞ്ഞിക്കുഴിയിലെ കർഷകർ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






