HONESTY NEWS ADS

ചെറുതോണിയിൽ നിന്ന് പച്ചക്കറി വാങ്ങാൻ തൊടുപുഴയിലേക്ക്, കമ്പത്തുനിന്ന് തുണി; 'പ്രിയദർശിനി' യാത്ര ആഘോഷമാക്കി സ്ത്രീകൾ! സൗജന്യ ബസ് യാത്രയും നാട്ടിൻപുറത്തെ മാറ്റങ്ങളും. വൈറലായി ഒരു ഓട്ടോക്കാരന്റെ കുറിപ്പ്

സൗജന്യ ബസ് യാത്രയും നാട്ടിൻപുറത്തെ മാറ്റങ്ങളും. വൈറലായി ഒരു ഓട്ടോക്കാരന്റെ കുറിപ്പ്


സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കിയ 'പ്രിയദർശിനി' പദ്ധതി തുടങ്ങിയിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുകയാണ്. ഇതൊരു വലിയ സാമൂഹിക-സാമ്പത്തിക വിപ്ലവമാകുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. ആ വാക്കുകൾ അക്ഷരംപ്രതി ശരിവയ്ക്കുന്ന, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയ ചില നാട്ടുമ്പുറത്തെ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകാരുടെയും ഓട്ടോക്കാരുടെയും വരുമാന നഷ്ടമായിരുന്നു വാർത്തകളിലെങ്കിൽ, ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിജു മാത്യു വേമ്പേനി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു രസകരമായ കുറിപ്പാണ്. പത്ത് രൂപ കൊടുത്ത് റിട്ടേൺ ഓട്ടോയിൽ യാത്ര ചെയ്തിരുന്ന നമ്മുടെ നാട്ടിലെ അമ്മച്ചിമാർ, ഇപ്പോൾ സൗജന്യ യാത്രയ്ക്കായി ബസ് കാത്തുനിൽക്കുന്നതും ടൗണിൽ പോയി വിലക്കുറവിൽ പച്ചക്കറി വാങ്ങുന്നതുമൊക്കെയാണ് ഈ പോസ്റ്റിലെ വിഷയം.


വീടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന പല സ്ത്രീകൾക്കും ഈ പദ്ധതി വലിയൊരു സുവർണ്ണാവസരമായി മാറിയിരിക്കുകയാണ് എന്ന് ഈ കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, അർഹതയില്ലാത്തവരാണ് ഇതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നതെന്ന വിമർശനങ്ങളും പോസ്റ്റിന് താഴെ കമന്റുകളായി ഉയരുന്നുണ്ട്.


എന്തായാലും നാട്ടുമ്പുറത്ത് സൗജന്യ ബസ് യാത്ര ഉണ്ടാക്കിയ ആ വലിയ മാറ്റം വരച്ചുകാട്ടുന്ന, ചിരിയും ചിന്തയും ഉണർത്തുന്ന ആ വൈറൽ കുറിപ്പിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...


ബിജു മാത്യു വേമ്പേനിയുടെ കുറിപ്പ് വായിക്കാം..👇👇👇

ചെറുതോണിക്ക് ഓട്ടം പോയിട്ട് തിരിച്ചു വരുമ്പോള്‍ മിക്കവാറും പാലത്തില്‍ ഇടുക്കിക്ക് പോരുവാനുള്ള ആളുകള്‍ നില്‍പ്പുണ്ടാവും…


പ്രിയദര്‍ശിനി തുടങ്ങിയതില്‍ പിന്നെ ചേച്ചിമാര്‍ ആരും തന്നെ റിട്ടേണ്‍ ഓട്ടോയില്‍ കയറാറില്ല..

ഇന്ന് വന്നപ്പോള്‍ എന്നെ ഓട്ടോ വിളിച്ചോണ്ടിരുന്ന ഒരു അമ്മച്ചി നില്‍പ്പുണ്ട്..

‘പോരുന്നോ…’കിട്ടിയാല്‍ പത്ത്, വെറുതെ ചോദിച്ചു.

‘ഇല്ല.. ഞങ്ങടെ വണ്ടി വരും.’

‘ഓ.. സ്വന്തം ആയിട്ട് വണ്ടിയൊക്കെ ആയല്ലോ അല്ലെ.’കളിയാക്കി ആണ് ഞാന്‍ ചോദിച്ചത്.

‘ആയി.. ആരോടും കണക്ക് പറയണ്ടാണല്ലോ..’

‘ഇപ്പോള്‍ എവിടെ പോയതാ..’

‘തൊടുപുഴ വരെ പോയി..അവിടെ പച്ചക്കറിക്കൊക്കെ ഇവിടുത്തെലും ഒത്തിരി വിലക്കുറവാ.. ഇവിടെ കൊലപാതകം അല്ലെ..രാവിലുത്തെ വണ്ടിക്ക് അങ്ങ് പോയി, സാധനങ്ങള്‍ വാങ്ങി തിരിച്ചു പോന്നു..പിള്ളേര് വാങ്ങിയാല്‍ ഇവിടുന്നെ വാങ്ങു. ഞാന്‍ വെറുതെ ഇരിക്കുവല്ലേ, ഒരാഴ്ചത്തേക്കുള്ളത് വാങ്ങി..’

രണ്ട് ബിഗ്‌ഷോപ്പര്‍ നിറച്ച് സാധനങ്ങള്‍ കാണിച്ചു അമ്മച്ചി.

‘അവള് പണിയില്ലാതെ ഇരിക്കുവാണേല്‍ ഇനി ഞാന്‍ പോകുമ്പോള്‍ പറഞ്ഞു വിട്.. ലാഭമാടാ.. വണ്ടിക്കൂലി വേണ്ടല്ലോ..’



‘കാശ് ഒന്നും തരേണ്ട.. അമ്മച്ചി കയറ്, ഞാന്‍ കൊണ്ടുപോയി വിടാം..’ഞാന്‍ പറഞ്ഞു.

‘വേണ്ടായേ..ഞാന്‍ വന്നോളാം.’ അമ്മച്ചി ബസിനെ ഉള്ളൂ.

‘എടാ.. അടുത്ത ആഴ്ച്ച അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകുന്നുണ്ട് ഞാന്‍.. അവളോട് പോരുന്നുണ്ടോന്ന് ചോദിക്ക്..’

‘അവളെങ്ങോട്ടും ഇല്ല..’ദേഷ്യത്തോടെ ആണ് ഞാന്‍ പറഞ്ഞത്.

‘വേണ്ടേല്‍ വേണ്ടടാ..’അമ്മച്ചി തിരിച്ചടിച്ചു.

‘പിന്നെ…,ആരോട് ചോദിച്ചാല്‍ അറിയാന്‍ പറ്റും, കട്ടപ്പനയില്‍ നിന്ന് കമ്പം പോകുന്ന വണ്ടി പ്രിയദര്‍ശിനി ആണോന്ന്.. കമ്പത്തു തുണിക്ക് വിലകുറവാണെന്ന് എല്ലാരും പറയുന്നു.’

കേള്‍ക്കാത്ത മട്ടില്‍ വണ്ടി എടുത്തു.

‘എടാ.. ചെറുക്കാ ഉപദേശിക്കുവാന്നു ഓര്‍ക്കരുത്.. ഓട്ടോയും കൊണ്ട് തന്നെ നടക്കാതെ വേറെ പണിയും കൂടി നോക്കിക്കോ..’






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS