കുഞ്ചിത്തണ്ണിയിലെ റിസോർട്ടിൽ മുറിയെടുത്തു താമസിച്ച വിനോദസഞ്ചാരികളുടെ സ്വർണ്ണവളകൾ മോഷ്ടിച്ച യുവാവിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറ വെള്ളറ വീട്ടിൽ സിഞ്ചു. കെ (26) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ വിനോദസഞ്ചാരിയും കുടുംബവും കുഞ്ചിത്തണ്ണി മെറിലാൻഡ് ഭാഗത്തുള്ള റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കാൻ പോകുന്നതിനു മുൻപായി കുട്ടിയുടെ കൈയിലുണ്ടായിരുന്ന 26 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണവളകൾ ഊരി ബാഗിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ ഏൽപ്പിച്ചാണ് ഇവർ പുറത്തുപോയത്.
സന്ദർശനം കഴിഞ്ഞ് തിരികെയെത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവളകൾ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെള്ളത്തൂവൽ എസ്.എച്ച്.ഒ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോസ് മത്തായി, സിവിൽ പോലീസ് ഓഫീസർ സജീവ് ചന്ദ്രൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പാലക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.



