സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർബുദ രോഗിയായ നിർദ്ധന കുടുംബത്തിന് സ്നേഹവീടൊരുക്കി ഇടുക്കി ജില്ലാ വിമൻസ് കൗൺസിൽ. വാഴത്തോപ്പ് സ്വദേശിയും രണ്ടുതവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്ത ഇരട്ടപ്ലാക്കൽ ഇ.സി. കുഞ്ഞിനാണ് കൗൺസിലിന്റെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകിയത്. പുതിയ വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർവ്വഹിച്ചു.
വാഴത്തോപ്പ് കേശമുനിക്ക് സമീപം ആൻസൺ കുഴിക്കാട്ട് സൗജന്യമായി വിട്ടുനൽകിയ ആറ് സെന്റ് സ്ഥലത്താണ് ഈ സ്നേഹവീട് ഉയർന്നത്. ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കളക്ടർ റിബൺ മുറിച്ച് വീട് കുടുംബത്തിന് സമർപ്പിച്ചു.
തുടക്കത്തിൽ വാഴത്തോപ്പ് കത്തീഡ്രൽ വികാരി ഫാ. ടോമി അനിക്കുഴിക്കാട്ടിലിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് വീടിന്റെ അടിത്തറ വരെയുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. തുടർന്ന് നിർമ്മാണച്ചുമതല ഇടുക്കി ജില്ലാ വിമൻസ് കൗൺസിൽ ഏറ്റെടുക്കുകയായിരുന്നു. വെറും രണ്ടര മാസം കൊണ്ടാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് അടുക്കള, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്ന 800 സ്ക്വയർ ഫീറ്റിലാണ് വീട് പണിതിരിക്കുന്നത്.
ചടങ്ങിൽ വാഴത്തോപ്പ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ഐബിൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീടിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കിയ കുട്ടായിയെ ചടങ്ങിൽ ജില്ലാ കളക്ടർ ആദരിച്ചു. വിമൻസ് കൗൺസിൽ ജോയിന്റ് സെക്രട്ടറി റിൻസി ജോസഫ്, ട്രഷറർ ഷാന്റി ബാബു, ഭാരവാഹികളായ സാലി കുര്യൻ, ജോളി സുദൻ, ജോളി ജോസ്, ഷൈനി പോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



