HONESTY NEWS ADS

ലാഭം വേണ്ട, വിയർപ്പിന്റെ വിലയെങ്കിലും കിട്ടിയാൽ മതി; ഓണം കഴിഞ്ഞ് പൂത്തുലഞ്ഞ തോട്ടത്തിന് മുന്നിൽ കണ്ണീരോടെ കൊന്നത്തടിയിലെ വീട്ടമ്മമാർ

ഇടുക്കി: ഓണം കഴിഞ്ഞ് പൂത്തുലഞ്ഞ തോട്ടത്തിന് മുന്നിൽ കണ്ണീരോടെ കൊന്നത്തടിയിലെ വീട്ടമ്മമാർ


ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ പുഷ്പകൃഷി വിളവെടുപ്പിന് പാകമായത് ഓണം കഴിഞ്ഞതോടെ. പൂക്കൾ വിറ്റഴിച്ച് മികച്ച വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങിയതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാം മൈൽ മുതിരപ്പുഴ പതിനാറാം വാർഡിലെ 'ഐശ്വര്യ ഗ്രൂപ്പ്' കൃഷിക്കൂട്ടത്തിലെ വീട്ടമ്മമാർ.


റോഡരികിലുള്ള 60 സെന്റ് സ്ഥലത്ത് അഞ്ഞൂറോളം ചുവട് ഹൈബ്രിഡ് ഇനം ചെണ്ടുമല്ലികളാണ് ഇവർ നട്ടുപിടിപ്പിച്ചത്. സുപ്രീം യെല്ലോ, അശോക ഓറഞ്ച് എന്നീ രണ്ട് ഇനങ്ങളിലുള്ള പൂക്കൾ ഇപ്പോൾ തോട്ടത്തിൽ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ, പ്രധാന ഓണവിപണി പിന്നിട്ടതിന് ശേഷമാണ് തോട്ടത്തിലെ ചെടികൾ വ്യാപകമായി പൂവിട്ടത്. വിളവെടുപ്പ് സമയത്തുണ്ടായ കാലതാമസം കാരണം പൂക്കൾക്ക് വിപണി കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ഈ കർഷകർ.


ഉഷ ഗോപകുമാർ, മിനി വാവച്ചൻ, കുമാരി സോമൻ, ലിജി കുര്യൻ, അമ്പിളി സലീലൻ എന്നിവരുടെ നേതൃത്വത്തിലാണ് ഐശ്വര്യ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണത്തോടെ വർഷങ്ങളായി വാഴ, കപ്പ, വിവിധയിനം പച്ചക്കറികൾ എന്നിവ വിജയകരമായി കൃഷി ചെയ്തുവരുന്ന സംഘമാണിത്. എന്നാൽ, വരുമാനവർധനവ് ലക്ഷ്യമിട്ട് ആദ്യമായി പരീക്ഷിച്ച പുഷ്പകൃഷിയിലാണ് വിളവെടുപ്പ് വൈകിയതിനെ തുടർന്ന് തിരിച്ചടി നേരിട്ടത്.


വലിയ ലാഭമൊന്നും ഇവർ ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും തങ്ങളുടെ കഠിനാധ്വാനവും മുടക്കുമുതലും പാഴാകാതിരിക്കാൻ കുറഞ്ഞ നിരക്കിൽ പോലും പൂക്കൾ വിൽക്കാൻ ഈ വീട്ടമ്മമാർ തയ്യാറാണ്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ, പള്ളികൾ, പൊതുചടങ്ങുകൾ, അലങ്കാര ആവശ്യങ്ങൾ എന്നിവയ്ക്കായി പൂക്കൾ ആവശ്യമുള്ളവർ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HASTHA PHARMA & SARGICALS



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS