HONESTY NEWS ADS

ഓപ്പറേഷൻ തണ്ടർ: അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; 5.5 കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ


'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി അടിമാലിയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.543 കിലോഗ്രാം ഉണക്കക്കഞ്ചാവുമായി കോതമംഗലം സ്വദേശിനിയായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അടിമാലി ഐക്കരക്കുന്ന് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് പിടിയിലായത്.

അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; 5.5 കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ


പ്രതിയിൽ നിന്ന് അഞ്ചരക്കിലോഗ്രാം ഉണക്കക്കഞ്ചാവ് കണ്ടെടുക്കുകയും തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഇത് എത്തിച്ചത്. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ വലയിലാകുമെന്നും അന്വേഷണസംഘം അറിയിച്ചു.


അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർമാരായ അസീസ് കെ. എസ്., ബിനോയ് കെ. ജെ., പ്രിവന്റീവ് ഓഫീസർമാരായ ജലീൽ പി. എം., സിജുമോൻ കെ. എൻ., സിവിൽ എക്സൈസ് ഓഫീസർ മുകേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, ഡ്രൈവർ അനീഷ് മോൻ ടി. എസ്. എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS