മണ്ഡല–മകരവിളക്ക് ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഭക്തർക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കുന്ന വാളാർഡിയിലടക്കം ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തും. തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഹരിദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തീർഥാടകരുടെ സൗകര്യാർഥം മേഖലയിൽ തടസ്സമില്ലാത്ത ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കും. വാളാർഡി ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ട്രാഫിക് പോലീസിനെ വിന്യസിക്കും. ആരോഗ്യസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്നും സത്രത്തിൽ മുൻവർഷങ്ങളിലേതുപോലെ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം മിനി കെ. ജോൺ, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ആർ. ഷൈനി, ജില്ലാ പഞ്ചായത്ത് അംഗം മണിമേഖലാ മുനിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



