ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'സ്നേഹ സ്പർശം' എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാന്റ് ബെല്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് '50 ദിവസം, 50 വ്യത്യസ്ത പരിപാടികൾ' എന്ന പേരിൽ വിപുലമായ കർമ്മപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്നേഹ സ്പർശം' കലോത്സവം ഒരുക്കിയത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയി മോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോബി ചാലിൽ പദ്ധതി വിശദീകരണം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബിച്ചൻ മനയ്ക്കൽ, സാവിത്രി സതീശൻ, ദീപാ ജോസഫ്, ഐസൻ ജിത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു എം.എ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ വേദിയിൽ അരങ്ങേറി. പഞ്ചായത്ത് ജനപ്രതിനിധികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ കലോത്സവം ആസ്വദിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായി എത്തിയിരുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



