സ്ത്രീകൾക്കും കുട്ടികൾക്കും തണലായി അരനൂറ്റാണ്ട് പിന്നിട്ട ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ സുവർണ്ണ ജൂബിലി സമ്മേളനം കൗൺസിൽ വക ഗിരിറാണി ഹാളിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും സുവനീർ പ്രകാശനവും സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവ്വഹിച്ചു. കൗൺസിൽ പ്രസിഡന്റ് ഡോ. ശ്രീകല പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് IAS മുഖ്യസാന്നിധ്യം വഹിച്ചു. കൗൺസിലിന്റെ സാരഥ്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാമിനെ ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണ ആദരിച്ചു.
1976-ൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് എളിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഇടുക്കി ജില്ലാ വിമൻസ് കൗൺസിൽ, ഇന്ന് ജില്ലയിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വലിയൊരു ആശ്രയകേന്ദ്രമാണ്. ഗിരിറാണി, തേജസ്സ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, സ്വധർ ഗ്രഹ് ഷെൽട്ടർ ഹോം, സർവ്വീസ് പ്രൊവൈഡിംഗ് സെന്റർ, വനിതാ ലൈബ്രറി, കൗൺസിലിംഗ് സെന്റർ, ടൈലറിംഗ് യൂണിറ്റ് തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ കൗൺസിലിന്റെ കീഴിൽ ഇടുക്കിയിൽ നടന്നുവരുന്നു.
ഗാർഹിക പീഡനത്തിന് ഇരയായ നിരവധി സ്ത്രീകൾക്ക് അഭയം നൽകാനും, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കൗൺസിലിന്റെ സഹായത്തോടെ പഠിച്ച പല കുട്ടികളും സർക്കാർ സർവീസിലടക്കം ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. കൂടാതെ മുപ്പതോളം പേരുടെ വിവാഹം നടത്താനും നിരവധി കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകാനും കൗൺസിലിന് സാധിച്ചു. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. യാതൊരു പ്രതിഫലവുമില്ലാതെ വീട്ടമ്മമാരാണ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സമ്മേളനത്തിൽ ഐ.ഡി.ഡബ്ല്യു.സി തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യസന്ദേശവും രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും ഗ്രേസ് ആന്റണി മെമ്മോറിയൽ എൻഡോവ്മെന്റ് ഉദ്ഘാടനവും നടത്തി. കൗൺസിലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി റോയി കെ. പൗലോസ് എം.എൽ.എ പ്രകാശനം ചെയ്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിച്ചു:
*നാഷണൽ അത്ലറ്റിക്സിൽ ഗോൾഡ് മെഡൽ നേടിയ പ്രതിഭയെ അപു ജോൺ ജോസഫ് എം.എൽ.എ ആദരിച്ചു.
* മികച്ച സേവനത്തിന് പോലീസ് മെഡൽ നേടിയ ധന്യ മോഹനനെ സേനാപതി വേണു എം.എൽ.എ ആദരിച്ചു.
* കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല അംബാസിഡറെ എ. രാജ എം.എൽ.എ ആദരിച്ചു.
* ഇടുക്കി ട്രൈബൽ സെറ്റിൽമെന്റിൽ നിന്നുള്ള ആദ്യ വനിതാ ഡോക്ടറെ ആദരിച്ചു.
* നാഷണൽ ചാമ്പ്യൻഷിപ്പ് സ്പെഷ്യലി ഏബിൾഡ് ഹോക്കി മെഡൽ ജേതാവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫനും, ഹാൻഡ്ബോൾ മെഡൽ ജേതാവിനെ ജില്ലാ പോലീസ് മേധാവി ശ്രീ. എ. നസീമും ആദരിച്ചു.
സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. മേരി സിറിയക് കൃതജ്ഞതയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ആഗ്നിയോ ദീപ്തി ബി.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കൗൺസിൽ ഭാരവാഹികളായ റിൻസി ജോസ്, ശാന്റി ബാബു, ജോസി മാക്സിൻ, ആൻസമ്മ ജോസഫ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



