സസ്‌പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച് വീണ്ടും പിടിയിൽ. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന ജിജോ ആന്റണിയെയാണ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജങ്ഷനിലായിരുന്നു നാടകീയ സംഭവങ്ങൾ.
നാട്ടുകാർക്കിടയിലേക്ക് പാഞ്ഞുകയറി കാർ
വെങ്ങല്ലൂർ ജങ്ഷനിൽ നേരത്തെ മറ്റൊരു വാഹനാപകടം നടന്നിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കയറ്റിവിട്ട ശേഷം റോഡരികിൽ നിന്ന നാട്ടുകാർക്കിടയിലേക്കാണ് മദ്യലഹരിയിലായിരുന്ന ജിജോ ആന്റണി നിയന്ത്രണംവിട്ട രീതിയിൽ കാറോടിച്ച് കയറ്റിയത്. ആളുകൾ പെട്ടെന്ന് ചിതറി ഓടിമാറിയതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. നേരെ ചൊവ്വേ വാഹനമോടിക്കാൻ പോലും കഴിയാത്ത തരത്തിൽ ലഹരിയിലായിരുന്നു ഇയാളെന്ന് നാട്ടുകാർ പറഞ്ഞു.
രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; നാട്ടുകാരുടെ പ്രതിഷേധം
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് എത്തിയെങ്കിലും, ജിജോ ആന്റണിയെ ന്യായീകരിക്കാനും ഒതുക്കിത്തീർക്കാനുമാണ് ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ ഇയാളെ ജീപ്പിൽ കയറ്റി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാളെ സംരക്ഷിക്കാൻ നീക്കം നടന്നതായി ആരോപണമുയർന്നു. വാഹനം സ്റ്റേഷന്റെ മുൻവശത്ത് നിർത്താതെ ഇരുട്ടുള്ള വശത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. പിന്നാലെയെത്തിയ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടയാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ജിജോ ആന്റണിക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കേസെടുക്കുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് മുൻപും സസ്‌പെൻഷൻ
കഴിഞ്ഞ ജൂലൈ 20-ന് കരിമണ്ണൂർ സ്റ്റേഷൻ ജീപ്പിൽ നിന്ന് മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും ചീട്ടുകളി ഉപകരണങ്ങളും കണ്ടെത്തിയ സംഭവത്തിൽ ജിജോ ആന്റണിയെയും ഒപ്പമുണ്ടായിരുന്ന എസ്.ഐ എൻ.എസ്. റോയിയെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ അച്ചടക്ക നടപടി നിലനിൽക്കെയാണ് ഇയാൾ വീണ്ടും മദ്യപിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് പിടിക്കപ്പെടുന്നത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



