ദേവികുളം മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്നും പുറത്താക്കാൻ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാർശ.
ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ശുപാർശ നൽകിയിട്ടുള്ളത്. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ ഇലക്ഷൻ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കാതെയും, പ്രചാരണങ്ങളിൽ നിന്നും വിട്ടുനിന്നും, ദേവികുളത്ത് ഇടതു വോട്ടുകൾ രാജേന്ദ്രൻ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി കമ്മീഷൻ കണ്ടെത്തി. കമ്മീഷൻ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രനോട് പാർട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാൽ ഒരു മറുപടിയും നൽകാൻ രാജേന്ദ്രൻ തയ്യാറായില്ല. നിലവിൽ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് എസ് രാജേന്ദ്രൻ. പാർട്ടി സമ്മേളനങ്ങളിൽ നിന്നും രാജേന്ദ്രൻ വിട്ടുനിൽക്കുകയാണ്.
ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
Read Also: കള്ളനെന്ന് കരുതി മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ നാലുമണിക്ക്.

