മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്.
പ്രതി ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മകളുടെ മുറിയിൽ നിന്ന് ഒരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് ലാലു കണ്ടു. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടർന്ന് പൊലീസ് എത്തിയാണ് വീട്ടിൽ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. പേട്ട സി.ഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട് .പ്രതിയും മരിച്ച ആളും അടുത്തടുത്ത് താമസിക്കുന്നവരാണ്. അനീഷ് എങ്ങനെ വീട്ടിൽ എത്തിപ്പെട്ടു എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ബിരുദവിദ്യാർഥിയാണ് അനീഷ് ജോർജ് . അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

